“കുതിരക്കച്ചവടക്കാരെ ഇവിടെ പേടിക്കേണ്ട”, കര്‍ണാടക എംഎല്‍എമാരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് കടകംപള്ളി സുരേന്ദ്രന്‍


ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യവിശ്വാസികള്‍ മുഴുവന്‍ കണ്ണും കാതും കേരളത്തിലേക്ക് തിരിക്കുമ്പോള്‍ കര്‍ണാടകയില്‍നിന്ന് എത്തുന്ന എംഎല്‍എമാരെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്ത് കേരളത്തിന്റെ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എംഎല്‍എമാര്‍ കേരളത്തിലേക്ക് വരുന്നുവെന്ന് അറിഞ്ഞുവെന്നും ടൂറിസം മന്ത്രി എന്ന നിലയില്‍ അവരെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കുറിച്ചു.

“ഞങ്ങളെല്ലാവരും സന്തോഷത്തോടെ നിങ്ങളെ സ്വാഗതം ചെയ്യുന്നു. നിങ്ങള്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഇവിടെ ലഭിക്കും മാത്രമല്ല, കുതിരക്കച്ചവടക്കാരുണ്ടാക്കുന്ന കുഴപ്പങ്ങള്‍ ഇവിടെയില്ല”, അദ്ദേഹം കുറിച്ചു. കേരളാ ലീഡ്‌സ് എന്ന ഹാഷ് ടാഗും അദ്ദേഹം ഉപയോഗിച്ചത് കൗതുകമായി.

നേരത്തെ എംഎല്‍എമാരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് ടൂറിസം വകുപ്പും ട്വീറ്റ് ചെയ്തിരുന്നു. ഇതും കടകംപള്ളി നേരത്തെ പങ്കുവച്ചിരുന്നു.

കര്‍ണാടകയില്‍നിന്നുള്ള എംഎല്‍എമാര്‍ ഈ രാത്രിതന്നെ കേരളത്തിലെത്തുമെന്നാണ് സൂചനകള്‍. കൊച്ചിയില്‍ ക്രൗണ്‍പ്ലാസ ഹോട്ടലിലേക്കാണ് ഇവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ നാളെ രാവിലെ സുപ്രിം കോടതിയുടെ നീക്കം എങ്ങനെയാകുമെന്ന് അറിഞ്ഞതിനുശേഷമേ കേരളത്തിലേക്ക് എംഎല്‍എമാരെ കൊണ്ടുവരികയുള്ളൂ എന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

DONT MISS
Top