ഏത് വമ്പനേയും കടത്തിവെട്ടുന്ന ഫീച്ചറുകളുമായി വണ്‍പ്ലസ് 6 അവതരിച്ചു; ഇത് അഴകും കരുത്തും ഒരുമിച്ച ‘കൊടും ഭീകരന്‍’


ഏറ്റവും കാത്തിരിക്കപ്പെടുന്ന സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായ വണ്‍പ്ലസ് പുതിയ മോഡലായ വണ്‍പ്ലസ് 6 അവതരിപ്പിച്ചു. വണ്‍പ്ലസ് 5ടി യുടെ പിന്‍ഗാമിയായി അവതരിച്ച വണ്‍പ്ലസ് 6 ഇതുവരെയിറങ്ങിയിട്ടുള്ള സ്മാര്‍ട്ട് ഫോണുകളുടെ ഏറ്റവും മുന്നിലാണ് ഇടം പിടിക്കുന്നത്. അഴകിന്റെ പര്യായമായ ഈ മോഡലിന് ഫുള്‍ ഗ്ലാസ് ബോഡിയാണ് സൗന്ദര്യമേകുന്നത്. ഇത്തവണ വാട്ടര്‍ റെസിസ്റ്റന്റായി എത്തുന്ന വണ്‍പ്ലസ് ഒരുതരത്തിലും നിരാശപ്പെടുത്തുന്നില്ല.

മുന്‍ മോഡലായ വണ്‍പ്ലസ് 5ടിയും സാംസങ് ഗ്യാലക്‌സി എസ്9ഉം ഐഫോണ്‍ 10 ഉം തമ്മില്‍ ഒരു വേഗതാ പരിശോധന നടത്തിക്കാണിച്ചതാണ് വണ്‍പ്ലസ് 6 അവതരിപ്പിക്കുന്ന ചടങ്ങില്‍ ഏറ്റവും ശ്രദ്ധേയമായത്. വണ്‍പ്ലസ് 6 എല്ലാവരേയും കടത്തിവെട്ടി ഒന്നാമതാകുകതന്നെ ചെയ്തു. സ്‌നാപ്ഡ്രാഗണ്‍ 845 എന്ന പ്രൊസസ്സറില്‍ 2.8 ജിഎച്ച്‌സെഡ് എന്ന പരമാവധി ക്ലോക് സ്പീഡിലാണ് ഫോണെത്തുന്നത്. ആറ് ജിബി റാമും എട്ട് ജിബി റാമും മെമ്മറിയുള്ള മോഡലുകളുണ്ട്. 256 ജിബിയാണ് പരമാവധി ആന്തരിക സംഭരണ ശേഷി. മിന്നല്‍ വേഗതയാണ് ഇത് ഫോണിന് പ്രദാനം ചെയ്യുന്നത്.

പുതിയ ട്രെന്‍ഡായ നോച്ച് ഉള്ള ഫുള്‍ എച്ച്ഡി പ്ലസ് സ്‌ക്രീന്‍ പഴയതിലും മികച്ചതാണ്. ബെസ്സല്‍ തീര്‍ത്തും കുറവെന്ന് ഒറ്റ നോട്ടത്തില്‍ത്തന്നെ തോന്നുന്നതിനാല്‍ പ്രീമിയം ഫീല്‍ ഉയര്‍ത്തും. 19:9 അനുപാതത്തിലുള്ള ഫുള്‍ ഒപ്ടിക് അമൊലെഡ് സ്‌ക്രീനാണിത്. പ്രതീക്ഷിച്ചതുപോലെതന്നെ ആന്‍ഡ്രോയ്ഡ് ഓറിയോ അടിസ്ഥാനപ്പെടുത്തിയ ഓക്‌സിജന്‍ ഒഎസാണ് ഫോണിനുള്ളത്. ഭൂമിയിലുള്ള ഏറ്റവും മികച്ച ചാര്‍ജ്ജിംഗ് സൊല്യൂഷന്‍ എന്ന് വണ്‍പ്ലസ് അവകാശപ്പെടുന്ന ഡാഷ് ചാര്‍ജ്ജറാണ് മറ്റൊരു സവിശേഷത. എന്നാല്‍ വയര്‍ലെസ് ചാര്‍ജിംഗ് ഫോണിന് സാധ്യമല്ല.

പിന്നെ വണ്‍പ്ലസ് ഫോണുകളുടെ ഏറ്റവും വലിയ പ്രത്യേകതയായ ക്യാമറ ഇത്തവണയും നിരാശപ്പെടുത്തില്ല. എഫ്/1.7 അപേര്‍ച്ചറുള്ള 16 മെഗാപിക്‌സല്‍ ക്യാമറയും 20 മെഗാപിക്‌സല്‍ ക്യാമറയുമാണ് പിന്നിലുള്ളത്. വോഗ് മാഗസിന്റെ പുതിയ ലക്കം വണ്‍പ്ലസ് 6 ഉപയോഗിച്ചെടുത്ത കവര്‍ ചിത്രവുമായി വന്നത് വാര്‍ത്തയായിരുന്നു. അഡ്വാന്‍സ്ഡ് എച്ച്ഡിആര്‍ സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോ റെക്കോര്‍ഡിംഗിലും ക്യാമറ വേറെ ലെവല്‍ തന്നെ. 4കെ വീഡിയോ 60 ഫ്രെയിം പെര്‍ സെക്കന്റില്‍ പകര്‍ത്താം. എച്ച്ഡി വീഡിയോയാണ് ഷൂട്ട് ചെയ്യുന്നതെങ്കില്‍ 480 എഫ്പിഎസ് അള്‍ട്രാ മോഷന്‍ വീഡോയും പകര്‍ത്താം. ഒരു വീഡിയോ എഡിറ്ററും വണ്‍പ്ലസ് വക ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ ക്യാമറ പ്രേമികളെ പൂര്‍ണമായും വണ്‍പ്ലസ് 6 തൃപ്തിപ്പെടുത്തും. വണ്‍പ്ലസ് 6ന്റെ ഡിഎക്‌സ്ഒ റേറ്റിംഗ് പുറത്തുവരുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ മനസിലാകും.

വണ്‍പ്ലസ് 6ന്റെ ആറ് ജിബി 64 ജിബി വേരിയന്റ് 34,999 രൂപയ്ക്കാണ് ഇന്ത്യയില്‍ ലഭ്യമാവുക. ആറ് ജിബി വേരിയന്റ് 39,999 രൂപയ്ക്കും എട്ട് ജിബി 256 ജിബി വേരിയന്റ് 44,999 രൂപയ്ക്കും ലഭിക്കും. വിലക്കുറവ് ഒരു പ്രത്യേകതയായിത്തന്നെ അവതരിപ്പിക്കാറുള്ള വണ്‍പ്ലസ് വില ക്രമേണ വര്‍ദ്ധിപ്പിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഈ അഞ്ച് ദിവസത്തിന് ശേഷം ഫോണ്‍ ആമസോണില്‍നിന്ന് ലഭ്യമാകും. എസ്ബിഐ, ഐഡിയ, ആമസോണ്‍ എന്നിവര്‍ സ്വന്തമായ ചില ഓഫറുകള്‍ വണ്‍പ്ലസ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.

DONT MISS
Top