ജേഴ്‌സികള്‍ കൈമാറി രാഹുലും പാണ്ഡ്യയും; കയ്യടിച്ച് ആരാധകര്‍

മുംബൈ: ആവേശകരമായ മത്സരത്തിനൊടുവില്‍ ജേഴ്‌സികള്‍ പരസ്പരം കൈമാറി ലോകേഷ് രാഹുലും, ഹാര്‍ദ്ദിക് പാണ്ഡ്യയും. ഐപിഎല്ലില്‍ ഇന്നലെ നടന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് ശേഷമായിരുന്നു ഫുട്‌ബോള്‍ മത്സരങ്ങളെ ഓര്‍മിപ്പിക്കുന്ന സൗഹൃദ കാഴ്ചയ്ക്ക് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.

മത്സരങ്ങള്‍ക്ക് ശേഷം പരസ്പരം ജേഴ്‌സികള്‍ കൈമാറുന്നത് ഫുട്‌ബോളില്‍ പല തവണ കണ്ടിട്ടുണ്ടെങ്കിലും ക്രിക്കറ്റില്‍ ആ കാഴ്ച അത്ര സുപരിചിതമല്ല. എന്നാല്‍ മുംബൈ വാംങ്കഡെ സ്റ്റേഡിയം അത്തരം ഒരു അപൂര്‍വ്വ കാഴ്ചയ്ക്ക് ഇന്നലെ സാക്ഷ്യം വഹിക്കുകയായിരുന്നു. നിര്‍ണാകമായ മത്സരത്തില്‍ മൂന്ന് റണ്‍സിന്റെ വിജയം മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയതിന് പിന്നാലെ മുംബൈ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും, പഞ്ചാബ് ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുലും തങ്ങളുടെ ജേഴ്‌സി ഊരി പരസ്പരം കൈമാറുകയും അവ ധരിക്കുകയും ചെയ്തു. നിറഞ്ഞ കൈയ്യടികളോടെയാണ് കാണികള്‍ ആ സൗഹൃദ കാഴ്ചയെ വരവേറ്റത്.

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനുവാര്യമായ മത്സരത്തില്‍ പഞ്ചാബിനെതിരെ മൂന്ന് റണ്‍സിനായിരുന്നു മുംബൈയുടെ വിജയം. കീറോണ്‍ പൊള്ളാര്‍ഡിന്റെയും ജസ്പ്രിത് ബുംറയുടേയും പ്രകടനമാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. പൊള്ളാര്‍ഡിന്റെ അര്‍ധ സെഞ്ച്വറിയാണ് മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 183 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. പഞ്ചാബിന് വേണ്ടി ലോകേഷ് രാഹുല്‍ 94 റണ്‍സ് നേടി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top