ദുരൂഹതകള്‍ നീങ്ങുന്നില്ല; ശ്രീദേവിയുടേത് അപകടമരണമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നും ദില്ലി മുന്‍ എസിപി

ദില്ലി: നടി ശ്രീദേവിയുടെ അപകട മരണമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും ആരോപിച്ച് ദില്ലി പൊലീസിലെ മുന്‍ എസിപി വേദ് ഭൂഷണ്‍. ശ്രീദേവിയുടേത് അപകടമരണമാണെന്ന് പറയാനാകില്ലെന്നും അതൊരു ആസൂത്രിത കൊലപാതകമാണെന്നുമാണ് വേദ് ഭൂഷണ്‍ പറയുന്നത്. പൊലീസില്‍ നിന്നും വിമരമിച്ച ശേഷം ഒരു സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുകയാണ് വേദ് ഭൂഷണ്‍.

ശ്രീദേവിയുടെ മരണം പുനഃരന്വേഷിക്കണം എന്നാവശ്യപ്പെട്ട് സുനില്‍ സിംഗ് എന്നയാള്‍ കോടതിയെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ശ്രീദേവിയുടെ മരണം സംബന്ധിച്ച് ദുബായില്‍ പോയി അന്വേഷണം നടത്തി തിരികെ എത്തിയതിന് പിന്നാലെയാണ് അദ്ദേഹം ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

‘ഒരാളെ ബാത്ത്ടബ്ബില്‍ തള്ളിയിട്ട് കൊല്ലാന്‍ വളരെ എളുപ്പമാണ്. കൊലപാതകത്തിന്റെ തെളിവുകള്‍ അവശേഷിപ്പിക്കാതെ തന്നെ അത് അപകട മരണമാണെന്ന് ചിത്രീകരിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ഇതൊരു ആസൂത്രിത കൊലപാതകമാണ്’ വേദ് ഭൂഷണ്‍ പറയുന്നു.

ദുബായിയിലെ നീതിന്യായവ്യവസ്ഥയോട് എല്ലാ ആദരവും ഉണ്ടെന്ന് പറയുന്ന വേദ് ഭൂഷണ്‍ എന്നാല്‍ അവര്‍ പറഞ്ഞ റിപ്പോര്‍ട്ടില്‍ പൂര്‍ണ തൃപ്തനല്ലെന്നും പറയുന്നു. ദുബായിലെ ഹോട്ടല്‍ മുറിയില്‍ ബാത്ത്ടബ്ബില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നിലയിലായിരുന്നു ശ്രീദേവിയെ കണ്ടെത്തുന്നത്. ഫെബ്രുവരി 26ന് ദുബായ് പൊലീസ് പുറത്തുവിട്ട ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്, ശ്രീദേവിയുടേത് അപകട മരണമാണെന്നും, ബാത്ത്ടബ്ബില്‍ ബോധരഹിതയായി കിടന്നിരുന്ന ശ്രീദേവിയുടെ ഉള്ളില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നുവെന്നുമാണ്. ദുബായ് പൊലീസിന്റെ ഈ വാദങ്ങളോടും വേദ് ഭൂഷണ്‍ എതിര്‍പ്പ് ഉന്നയിക്കുന്നുണ്ട്.

ശ്രീദേവിയുടെ മരണത്തില്‍ ഉത്തരം കിട്ടാത്ത ഒട്ടനവധി ചോദ്യങ്ങളുണ്ടെന്നും സത്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ക്കറിയണമെന്നും അദ്ദേഹം പറയുന്നു. ദുബായില്‍ ശ്രീദേവി താമസിച്ചിരുന്ന ജുമൈറ എമിറേറ്റ്‌സ് ടവര്‍ വേദ് ഭൂഷണ്‍ സന്ദര്‍ശിച്ചെങ്കിലും ശ്രീദേവി മരിച്ചുകിടന്ന മുറിയില്‍ കയറാന്‍ അദ്ദേഹത്തിന് അനുവാദം ലഭിച്ചില്ല. തുടര്‍ന്ന് സമാനമായ മറ്റൊരു മുറിയില്‍ രംഗങ്ങള്‍ പുനരാവിഷ്‌കരിച്ചുകൊണ്ടാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിഗമനത്തില്‍ അവരെത്തിയത്.

ശ്രീദേവിയുടെ മരണം സംബന്ധിച്ചുള്ള കേസ് എന്തുകൊണ്ടാണ് ഇത്രപെട്ടെന്ന് തീര്‍പ്പാക്കിയതെന്നും അദ്ദേഹം ചോദിക്കുന്നു. താനിപ്പോഴും ഈ കേസിന്റെ പുറകെയാണെന്നും ഇതിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കേസില്‍ ഉന്നതതല അന്വേഷണം വേണമെന്നും വേദ് ഭൂഷണ്‍ ആവശ്യപ്പെടുന്നു.

ഫെബ്രുവരി 24നാണ് ദുബായിലെ ആഢംബര ഹോട്ടലിലെ ബാത്ത് ടബ്ബില്‍ ശ്രീദേവി മുങ്ങി മരിയ്ക്കുന്നത്. മരണത്തെ ചൊല്ലി നിരവധി ഊഹാപോഹങ്ങള്‍ വന്നെങ്കിലും ശ്രീദേവിയുടേത് അപകട മരണമാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കുകയായിരുന്നു.

DONT MISS
Top