കോണ്‍ഗ്രസ് എംഎല്‍എ ബിജെപി പക്ഷത്ത്; ഭീഷണിപ്പെടുത്തി തട്ടിയെടുത്തതെന്ന് ആരോപണം

ആനന്ദ് സിംഗ്


ബംഗളുരു: രാഷ്ട്രീയവിലപേശല്‍ തുടരുന്ന കര്‍ണാടകയില്‍ എംഎല്‍എമാരുടെ കാലുമാറ്റം തുടരുന്നു. കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിംഗ് ബിജെപിക്കൊപ്പം ചേര്‍ന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്ന കോണ്‍ഗ്രസിന് തിരിച്ചടി നല്‍കുന്നതാണ് ഈ നീക്കം. ഇതോടെ കോണ്‍ഗ്രസിന്റെ അംഗബലം 77 ആയി കുറഞ്ഞിട്ടുണ്ട്.

ആനന്ദ് സിംഗ് ബിജെപിക്കൊപ്പം ചേര്‍ന്നെന്ന് കോണ്‍ഗ്രസ് വക്താവ് ഡികെ സുരേഷ് സ്ഥിരീകരിച്ചു. ആനന്ദ് സിംഗ് ഒഴികെയുള്ള എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം ഉണ്ടെന്നും അദ്ദേഹം നരേന്ദ്ര മോദിയുടെ പിടിയിലാണെന്നും സുരേഷ് പറഞ്ഞു.

വിജയ്‌നഗറില്‍ നിന്നുള്ള എംഎല്‍എയാണ് ആനന്ദ് സിംഗ്. തങ്ങളുടെ എംഎല്‍എയെ ബിജെപി ഭീഷണിപ്പെടുത്തി തട്ടിയെടുത്തതാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കേന്ദ്രസര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ആനന്ദ് സിംഗിനെ സ്വന്തം വരുതിയിലാക്കിയതെന്ന് കുമാരസ്വാമി ആരോപിച്ചു. ബിജെപിക്ക് പിന്തുണ നല്‍കിയില്ലെങ്കില്‍ തന്റെ ജീവന് ഭീഷണിയാണെന്ന് ആനന്ദ് മറ്റൊരു എംഎല്‍എയോട് വ്യക്തമാക്കിയതായും കുമാരസ്വാമി പറഞ്ഞു.

തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് ആനന്ദ് സിംഗ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്. 2013 ല്‍ വിജയനഗരിയില്‍ നിന്നായിരുന്നു ആനന്ദ് സിംഗ് വിജയിച്ചത്. റെഡ്ഡി സഹോദരന്‍മാരുടെ അടുത്ത സുഹൃത്താണ് ആനന്ദ് സിംഗ്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ അംഗബലം ഇതോടെ 115 ആയി. ഒരു ബിഎസ്പി അംഗത്തിന്റെ പിന്തുണയും ഈ സഖ്യത്തിനുണ്ട്. രണ്ട് സ്വതന്ത്രര്‍ കൂടി പിന്തുണ നല്‍കിയാല്‍ അംഗബലം 117 ആകും.

DONT MISS
Top