കര്‍ണാടക മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

ദില്ലി: രണ്ട് ദിവസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ബിജെപിയുടെ ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ ഒന്‍പത് മണിക്ക് രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍ വാജുഭായ് വാല യെദ്യൂരപ്പയ്ക്ക് സത്യവാചകം ചൊല്ലികൊടുത്തു.

ബിജെപി ദേശീയ സംസ്ഥാന നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. രാജ്ഭവന് മുന്നില്‍  വലിയ ആഘോഷങ്ങളുമായാണ് ബിജെപി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്-ജെഡിഎസ് പ്രതിഷേധം ഭയന്ന് രാജ്ഭവന് മുന്നില്‍ വലിയ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലളിതമായ ചടങ്ങിലായിരുന്നു കര്‍ണാടകയുടെ മുഖ്യമന്ത്രിയായി യെദ്യൂരപ്പ ചുമതലയേറ്റത്. യെദ്യൂരപ്പ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളത്.

15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്.104 എംഎല്‍എമാരുടെയും ഒരു സ്വതന്ത്ര എംഎല്‍എയുടെയും പിന്തുണയാണ് ബിജെപിയ്ക്കുള്ളത്. 222 അംഗ നിയമസഭയില്‍ 113 സീറ്റാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിയ്ക്ക് വേണ്ടത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top