ബിജെപി ഒരുക്കങ്ങള്‍ തുടങ്ങി; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ രാവിലെ ഒന്‍പതിന്

ദില്ലി: രണ്ട് ദിവസങ്ങളോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ കര്‍ണാടകയുടെ മുഖ്യമന്ത്രിയായി ബിജെപിയുടെ ബിഎസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് രാവിലെ ഒന്‍പത് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. രാജ്ഭവനില്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി. രാജ്ഭവന് മുന്നില്‍ ആഘോഷങ്ങളുമായി ബിജെപി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിട്ടുണ്ട്.ബംഗളൂരുവില്‍ യെദ്യൂരപ്പയുടെ വസതിയ്ക്ക് മുന്നിലും ബിജെപി പ്രവര്‍ത്തകര്‍ ഒത്തുകൂടിയിട്ടുണ്ട്.

15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്.104 എംഎല്‍എമാരുടെയും ഒരു സ്വതന്ത്ര എംഎല്‍എയുടെയും പിന്തുണയാണ് ബിജെപിയ്ക്കുള്ളത്. 222 അംഗ നിയമസഭയില്‍ 113 സീറ്റാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിയ്ക്ക് വേണ്ടത്.

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രിം കോടതിയില്‍ നിന്നും ബിജെപിയ്ക്ക് അനുകൂലമായ വിധിയാണ് പുറത്തുവന്നത്. സത്യപ്രതിജ്ഞ സ്റ്റേ ചെയ്യുന്നില്ലെന്നും ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് ഇന്ന്  സത്യപ്രതിജ്ഞ ചെയ്യുന്നതിന് തടസ്സമില്ലെന്നുമാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് മൂന്നംഗ സുപ്രിം കോടതി ബെഞ്ചിന്റെ തീരുമാനം. ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതിനേത്തുടര്‍ന്നാണ് കോണ്‍ഗ്രസും ജെഡിഎസും സുപ്രിം കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്നാണ് രാത്രിയില്‍ത്തന്നെ കോടതി കൂടി വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. ജസ്റ്റിസുമാരായ എകെ സിക്രി, എസ്എ ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് രണ്ടാം നമ്പര്‍ കോടതിയിലാണ് വാദം കേട്ടത്. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് കേസ് കേള്‍ക്കണം എന്നതായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. എച്ച്ഡി ദേവഗൗഡയും കോണ്‍ഗ്രസ് നേതാവ് പരമേശ്വരയുമാണ് കോടതിയെ സമീപിച്ചത്.

DONT MISS
Top