“104നേക്കാള്‍ വലുതാണ് 117, വലിയ കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണം, എന്തിനാണ് ബിജെപിക്ക് 15 ദിവസം നല്‍കിയത്? ഗവര്‍ണര്‍ക്ക് തോന്നുന്നവരെയല്ല ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടത്”, സുപ്രിം കോടതിയില്‍ കോണ്‍ഗ്രസിന്റെ വാദങ്ങള്‍ തുടരുന്നു


ദില്ലി: കര്‍ണാടക സര്‍ക്കാര്‍ രൂപീകരണത്തില്‍ യുക്തിഭദ്രമായ വാദങ്ങളുമായി കോണ്‍ഗ്രസ് സുപ്രിം കോടതിയില്‍. മനു അഭിഷേക് സിംങ്‌വിയാണ് കോണ്‍ഗ്രസിനുവേണ്ടി വാദം തുടരുന്നത്. 104 നേക്കാള്‍ എന്തുകൊണ്ടും വലുതാണ് 117. ബിജെപിക്കുള്ളതിനേക്കാള്‍ കൂടുതല്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസ് സഖ്യത്തിനുണ്ട്. ഗവര്‍ണര്‍ക്ക് തോന്നുന്നവരെയല്ല ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടത്. നേരത്തെ ചില സംസ്ഥാനങ്ങളില്‍ സംഭവിച്ചതും സിംങ്‌വി ചൂണ്ടിക്കാട്ടി. എന്തിനാണ് ഗവണ്‍മെന്റ് രൂപീകരിക്കാന്‍ 15 ദിവസം നല്‍കിയത്, അതിന്റെ ലോജിക് എന്താണ് എന്നും അദ്ദേഹം ചോദിച്ചു.

സഖ്യമായി ഗവണ്‍മെന്റ് രൂപീകരിക്കാന്‍ സാധിച്ചാല്‍ ആദ്യം അവരെയാണ് പരിഗണിക്കേണ്ടത്. സഖ്യത്തിലെ എംഎല്‍എമാരുടെ എണ്ണം ഒറ്റക്കക്ഷിയുടേതിനേക്കാള്‍ കൂടുതലാണെങ്കില്‍ അവരെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടത്. ഇതെല്ലാം കണക്കിലെടുത്ത് സത്യപ്രതിജ്ഞ ഒഴിവാക്കണം. ഇത്തരത്തില്‍ സിംങ്‌വി മികച്ച രീതിയില്‍ വാദം മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ മുഗുള്‍ റോത്തഗി ചില ബിജെപി എംഎല്‍എമാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായിരിക്കുന്നു. ഗവര്‍ണറുടെ തീരുമാനത്തില്‍ കോടതി ഇടപെടേണ്ടതില്ല, അത് ഗവര്‍ണറുടെ വിവേചനാധികാരമാണെന്നും അദ്ദേഹം ഇടയ്ക്ക് കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഗോവ, മണിപ്പൂര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും എംഎല്‍എമാരുടെ എണ്ണം നോക്കി പാര്‍ട്ടികളുടെ സഖ്യത്തെയാണ് ഗവര്‍ണര്‍മാര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ഇങ്ങനെയാണ് ബിജെപി സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഈ രീതി കടുത്ത ബിജെപിക്കാരനായ കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാല മാനദണ്ഡമാക്കിയില്ല. പകരം ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയും സഭയില്‍ പിന്നീട് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കുകയുമായിരുന്നു.

ഗുജറാത്തിലെ മുന്‍ ധനമന്ത്രിയായിരുന്ന വാജുഭായി വാല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാന നിയമസഭയിലെത്താന്‍ തന്റെ മണ്ഡലം ഒഴിഞ്ഞുകൊടുത്തയാളാണ്. പിന്നീട് ഗുജറാത്തില്‍ മോദിയുടെ മന്ത്രിസഭയില്‍ ധനമന്ത്രിയുമായിരുന്നു അദ്ദേഹം. മോദിയുടെ ഏറ്റവും വിശ്വസ്തനായ ഗവര്‍ണര്‍ വാജുഭായി വാല ബിജെപിക്ക് അനുകൂലമായ തീരുമാനമായിരിക്കും എടുക്കുകയെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top