ഗവര്‍ണറെ സന്ദര്‍ശിച്ച് കോണ്‍ഗ്രസും ജെഡിഎസും; ബിജെപി ആവശ്യപ്പെട്ടത് ഒരാഴ്ച്ച

ബംഗളുരു: ബിജെപിക്ക് പിന്നാലെ കര്‍ണാടക ഗവര്‍ണറെ കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അനുവാദവും സാവകാശവും തേടിയാണ് ഇരുകൂട്ടരും ഗവര്‍ണറെ സന്ദര്‍ശിച്ചത്. ബിജെപി ഒരാഴ്ച്ചത്തെ സമയമാണ് ഗവണ്‍മെന്റ് രൂപീകരിക്കാനായി ഗവര്‍ണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയായ സ്ഥിതിക്ക് അവരുടെ ആവശ്യം ഗവര്‍ണര്‍ അംഗീകരിക്കാനാണ് സാധ്യത. എന്നാല് ഒരാഴ്ച്ചയും മറ്റും സമയം കൊടുക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനത്ത് കേവലഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകളാണ്. ഇത്രയും സീറ്റുകള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് കിട്ടില്ലെന്ന് വ്യക്തമായതോടെയാണ് പുതിയ സഖ്യനീക്കം തിരക്കിട്ടുണ്ടായത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് പുതിയ നീക്കത്തിന് തുടക്കമിട്ടത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി ദേവഗൗഡയയുമായി സഖ്യസര്‍ക്കാരിനെ സംബന്ധിച്ച് ചര്‍ച്ച ആരംഭിക്കുകയായിരുന്നു. സോണിയയുടെ പ്രതിനിധിയായി പ്രവര്‍ത്തകസമിതി അംഗം ഗുലാംനബി ആസാദ്, ദേവഗൗഡയുമായി നടത്തിയ ചര്‍ച്ചയിലാണ് സഖ്യം സംബന്ധിച്ച സമ്മതം ജെഡിഎസ് അറിയിച്ചത്.

ഇതിന് പിന്നാലെ ജെഡിഎസിന് മുഖ്യമന്ത്രിസ്ഥാനം നല്‍കിക്കൊണ്ടുള്ള സഖ്യത്തിന് തയാറാണെന്ന് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ വ്യക്തമാക്കി. കര്‍ണാടകയില്‍ ജെഡിഎസിന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചതായും തീരുമാനം അനുസരിച്ച് തങ്ങള്‍ ജെഡിഎസിന് പിന്തുണ നല്‍കുകയാണെന്നും കര്‍ണാടക പിസിസി അധ്യക്ഷന്‍ ജി പരമേശ്വര വ്യക്തമാക്കി.

ഗവര്‍ണര്‍ വാജുഭായി വാലയുടെ തീരുമാനം നിര്‍ണായകമാണ്. മോദിക്ക് സംസ്ഥാന നിയമസഭയിലെത്താന്‍ തന്റെ മണ്ഡലം ഒഴിഞ്ഞുകൊടുത്തയാളാണ് വാജുഭായി വാല. പിന്നീട് മോദിയുടെ മന്ത്രിസഭയില്‍ ധനമന്ത്രിയുമായിരുന്നു അദ്ദേഹം. മോദിയുടെ ഏറ്റവും വിശ്വസ്തനായ ഗവര്‍ണര്‍ വാജുഭായി വാല സ്വീകരിക്കുന്ന നിലപാടിലേക്കാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

കീഴ്‌വഴക്കങ്ങള്‍ അനുസരിച്ചാണെങ്കില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെയാണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുക. എന്നാല്‍ ഗോവ, മണിപ്പൂര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും എംഎല്‍എമാരുടെ എണ്ണം നോക്കി പാര്‍ട്ടികളുടെ സഖ്യത്തെയാണ് ഗവര്‍ണര്‍മാര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ഇങ്ങനെയാണ് ബിജെപി സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഈ രീതി കടുത്ത ബിജെപി നേതാവായ കര്‍ണാടക ഗവര്‍ണര്‍ മാനദണ്ഡമാക്കുമോ എന്ന് കണ്ടറിയണം.

ഇതിനാല്‍ തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കുകയും പിന്നീട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടാനുമാണ് സാധ്യത. ഈ സമയത്തിനുള്ളില്‍ ജെഡിഎസ് പാളയത്തില്‍ നിന്ന് ഏതാനും എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ബിജെപിക്ക് കഴിയുകയും ചെയ്യും.

DONT MISS
Top