റിയല്‍ മീ വണ്‍: ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ 6 ജിബി റാം ഫോണുമായി ഒപ്പോ; കുത്തിനിറച്ച് ഫീച്ചറുകള്‍


ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ 6 ജിബി റാം ഫോണുമായി ഒപ്പോ എത്തി. റിയല്‍ മീ വണ്‍ എന്നുപേരായ ഈ ഒപ്പോ മോഡല്‍ കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചറുകള്‍ നിറച്ചാണ് എത്തുന്നത്. ഭംഗിയിലും റിയല്‍ മീ വണ്‍ മുന്നില്‍ നില്‍ക്കുന്നു. ഗ്ലോസി ഡയമണ്ട് കട്ടിംഗ് റിഫ്‌ലക്ഷനാണ് പിന്നില്‍. വെറും 7.8 മില്ലീമീറ്റര്‍ കനം മാത്രമാണ് ഫോണിനുള്ളത്. ഇത്രയും കനം കുറഞ്ഞ ഫോണില്‍ 3,410 എംഎഎച്ച് ബാറ്ററിയും ഉള്‍പ്പെടുത്താന്‍ ഒപ്പോയ്ക്ക് സാധിച്ചു.

ആറിഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ ബെസല്‍ലെസ്സായി എത്തുമ്പോള്‍ മുന്നില്‍നിന്ന് കാണാനും മനോഹരം. മീഡിയാടെക് ഹീലിയോ പി60 പ്രൊസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് മൂന്ന് ജിബി റാം, ആറ് ജിബി റാം വേരിയന്റുകള്‍ ഉണ്ടാകും. 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും എട്ട് മെഗാപിക്‌സല്‍ പിന്‍ ക്യാമറയും ഫോണിനുണ്ട്. സ്ഥിരം ഒപ്പോ രീതികള്‍ അനുസരിച്ച് വിവിധ മോഡുകളുള്ള എഐ, മെഷീന്‍ ലേണിംഗ് സവിശേഷതകള്‍ ഒന്നിച്ച ക്യാമറകളാണിത്.

12 പാളികളുള്ള നാനോ കോട്ടിംഗ് ആണ് ഗ്ലോസി ഡയമണ്ട് കട്ടിംഗ് റിഫ്‌ലക്ഷന്‍ ഫോണിനേകുന്നത്. 6 ജിബി റാമും 128 ജിബി ആന്തരിക സംഭരണ ശേഷിയോടൊപ്പം 256 ജിബി മെമ്മറി കാര്‍ഡ് ഉപയോഗിക്കുകയും ചെയ്യാം. പുറമെ രണ്ട് സിം കാര്‍ഡ് സ്ലോട്ടുകളും! മുഖം നോക്കി ഒരു സെക്കന്റിന്റെ പത്തിലൊന്ന് സമയം മാത്രമെടുത്ത് ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കുമെന്നാണ് ഒപ്പോയുടെ അവകാശവാദം. ഗുണമേന്മാ ടെസ്റ്റുകള്‍ ആയിരക്കണക്കിന് തവണ ആവര്‍ത്തിച്ചുറപ്പിച്ചാണ് റിയല്‍ മീ വണ്‍ നിര്‍മിച്ചിരിക്കുന്നത്.

ഇനി വിലയേക്കുറിച്ച്. മൂന്ന് ജിബി 32 ജിബി വേരിയന്റിന് 8,990 രൂപയും ആറ് ജിബി 128 ജിബി വേരിയന്റിന് 13,990 രൂപയുമാണ് വില. അസൂസിന്റെ സെന്‍ഫോണ്‍ മാക്‌സ് പ്രോ എം1 എന്ന പുത്തല്‍ മോഡലിന്റെ 6 ജിബി വേരിയന്റിന് 14,999 രൂപയാണ് വില. കൂള്‍പാഡ് കൂള്‍ പ്ലേ 6 എന്ന 6 ജിബി റാം ഫോണിനും 14,999 രൂപതന്നെ വില. അത്തരത്തില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ 6 ജിബി റാം ഫോണ്‍ എന്ന് റിയല്‍ മീ വണ്ണിനെ വിശേഷിപ്പിക്കാം.

എന്നാല്‍ ഇവയ്ക്കുള്ള ഒരു പ്രധാന ഫീച്ചര്‍ റിയല്‍ മീ വണ്ണിന് ഇല്ല എന്നുപറയാം. അത് ഫിംഗര്‍ പ്രിന്റ് സ്‌കാനറാണ്. എന്നാല്‍ അതൊരു കുറവായി അനുഭവപ്പെടാത്തവണ്ണം മികച്ച ഫോണാണ് റിയല്‍ മീ വണ്‍ എന്നതില്‍ സംശയം വേണ്ട. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ പുതു തലമുറ ഫോണുകളുടെ അവിഭാജ്യ ഘടകമായിട്ടും ഈ ഫീച്ചര്‍ ഉള്‍പ്പെടുത്താത്തത് എന്തെന്നുള്ള ചോദ്യം അവശേഷിക്കുന്നുമുണ്ട്.

ഫോണിന്റെ ഫീച്ചറുകള്‍ വിവരിക്കുന്ന ഗ്രാഫിക്കല്‍ റെപ്രസെന്റേഷന്‍ താഴെ കാണാം..

DONT MISS
Top