ബിജെപിക്ക് മുന്നില്‍ ‘കൈ’യ്ക്ക് വീണ്ടും കാലിടറുന്നു, കര്‍ണാടകയില്‍ വീണ്ടും താമരവിരിഞ്ഞു, ഇനിയെന്ത്?

പ്രതീകാത്മക ചിത്രം

ബംഗളുരു: വളരെ നിര്‍ണായകമായ സമയത്താണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യത്താകമാനം എതിര്‍വികാരം നിലനില്‍ക്കെ, അത്തരം വികാരമുണ്ടെന്ന് തോന്നിപ്പിക്കുന്ന വിഷയങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യുന്ന സമയത്ത് നടന്ന തെരഞ്ഞെടുപ്പ്. അതിലും ബിജെപി ഏകപക്ഷീയ വിജയം നേടിയിരിക്കുന്നു. ഭരണത്തിലിരുന്ന കോണ്‍ഗ്രസ് കര്‍ണാടയില്‍ നിന്നും തൂത്തെറിയപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസിന് മുന്നില്‍ ഇനിയെന്ത് എന്ന ചോദ്യമാണ് ഉത്തരംകിട്ടാതെ തൂങ്ങിക്കിടക്കുക.

ഭരണവിരുദ്ധവികാരം കര്‍ണാടകയില്‍ അത്ര പ്രകടമാണെന്ന് ആര്‍ക്കും തോന്നിയിരുന്നില്ല. സിദ്ധരാമയ്യയുടെ നേതൃപാടവവും അഴിമതിരഹിത പ്രതിച്ഛായയും അത്രവലിയ തോതില്‍ ഭരണവിരുദ്ധവികാരം ഇല്ലാഞ്ഞതും കോണ്‍ഗ്രസിനെ അധികാരംനിലനിര്‍ത്താന്‍ സഹായിക്കുമെന്നായിരുന്നു ഏവരും കരുതിയത്. കുറഞ്ഞത് സിദ്ധരാമയ്യയും കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമെങ്കിലും അങ്ങനെ വിശ്വസിച്ചിരുന്നു. എന്നാല്‍ ആ വിശ്വാസങ്ങളൊന്നും ശരിയായില്ല. പ്രതീക്ഷകള്‍ അസ്ഥാനത്തായി. അപ്രതീക്ഷിത തോല്‍വി കോണ്‍ഗ്രസ് ഏറ്റുവാങ്ങിയിരിക്കുന്നു.

സിദ്ധരാമയ്യ

ഏതാണ്ട് ഒരു മാസം മുന്‍പ് വരെ ബിജെപി ചിത്രത്തില്‍ പോലും ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് ഏകപക്ഷീയ വിജയം നേടുമെന്ന നിലയിലായിരുന്നു കാര്യങ്ങള്‍ മുന്നേറിയിരുന്നത്. സിദ്ധരാമയ്യയും മോദിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായിട്ടായിരുന്നു കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് വിലയിരുത്തിയിരുന്നത്. സിദ്ധരാമയ്യയുടെ പ്രതിച്ഛായയില്‍ പ്രതീക്ഷയര്‍പ്പിച്ചായിരുന്നു ഈ നീക്കം. സിദ്ധരാമയ്യ തന്നെയായിരുന്നു പോരാട്ടം തനിക്കും മോദിക്കും ഇടയിലേക്ക് ചുരുക്കിയത്. അതൊരു വലിയ വിജയം പ്രതീക്ഷിച്ചായിരുന്നു.

എന്നാല്‍ മോദി പ്രഭാവത്തിന് മുന്നില്‍ സിദ്ധരാമയ്യ ഒന്നുമല്ലെന്ന് വോട്ടെണ്ണല്‍ കഴിഞ്ഞതോടെ തെളിയുകയാണ്. ബിജെപിക്ക് മുന്നില്‍ കോണ്‍ഗ്രസ് ഒന്നിന് പിറകെ ഒന്നായി ഓരോ തെരഞ്ഞെടുപ്പുകളിലും തകര്‍ന്നടിയുകയാണ്. കോണ്‍ഗ്രസ് ഭരണത്തിലുണ്ടായിരുന്ന രണ്ട് വലിയ സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കര്‍ണാടക. അതില്‍ കര്‍ണാടകം കൂടി കൈവിട്ടതോടെ ഇനി പഞ്ചാബില്‍ മാത്രമായി കോണ്‍ഗ്രസ് ഒതുങ്ങുകയാണ്. പുതുച്ചേരിയാണ് കോണ്‍ഗ്രസ് ഭരണത്തിലുള്ള മറ്റൊരു സംസ്ഥാനം.

നരേന്ദ്ര മമോദി ദേശീയതലത്തില്‍ ദുര്‍ബലനായി നില്‍ക്കുന്ന സമയത്താണ് കര്‍ണാടക തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്താകമാനം വര്‍ധിച്ച് വരുന്ന അസഹിഷ്ണുതയും അസമത്വവും വലതുപക്ഷ വര്‍ഗീയതയും വിലക്കയറ്റവും എല്ലാം മോദിയെ മുള്‍മുനയില്‍ നിര്‍ത്തുന്ന സമയമാണിത്. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന്റെ പ്രാധാന്യം, ആവശ്യകത ചര്‍ച്ചചെയ്യപ്പെടുന്ന സമയാണിത്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഒന്നിച്ച് നില്‍ക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവര്‍ത്തിച്ച് പ്രസംഗിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്യുന്ന സമയമാണിത്. ബിജെപിയുടെ മുഖമായ മോദിയെ ആക്രമിച്ച്, അതുവഴി അവരെ പ്രതിരോധത്തിലാക്കി കുതിച്ച് മുന്നേറാനുള്ള ശ്രമമാണ് പ്രതിപക്ഷം കഴിഞ്ഞ കുറച്ച് കാലമായി നടത്തുന്നത്. അതിനുള്ള ഫലം കര്‍ണാടകയില്‍ ഉണ്ടാകുമെന്നും ഏവരും പ്രതീക്ഷിച്ചു. എന്നാല്‍ കേന്ദ്രത്തില്‍ ഭരണത്തിലേറി അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും ബിജെപിക്കെതിരെ ഒരു തരത്തിലുമുള്ള എതിര്‍വികാരങ്ങളും നിലനില്‍ക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യമാണ് കര്‍ണാടക തുറന്ന് കാട്ടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top