രാഹുലിന്റെ തന്ത്രങ്ങള്‍ വീണ്ടും പൊളിയുന്നോ? കര്‍ണാടകയില്‍ ഗുജറാത്ത് ആവര്‍ത്തിക്കുന്നു

രാഹുല്‍ ഗാന്ധി

ബാംഗളുരു: ഗുജറാത്തില്‍ ബിജെപിയെ ഭരണകക്ഷിയായ ബിജെപിയെ വിറപ്പിക്കാനായെങ്കിലും ഭരണം നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഗുജറാത്തില്‍ വിവിധ സമുദായങ്ങളെയും കക്ഷികളെയും നേതാക്കളെയും ബിജെപിക്കെതിരേ അണിനിരത്തിയെങ്കിലും ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.

എന്നാല്‍ സംസ്ഥാനത്ത് ക്യാമ്പ് ചെയ്‌തെന്നപോലെ നിന്ന് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും തുടര്‍ച്ചയായി പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്‌തെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തന്ത്രങ്ങള്‍ കര്‍ണാടകയില്‍ ഏശിയില്ല എന്നാണ് ആദ്യസൂചനകള്‍. കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ സര്‍ക്കാരിനെതിരേ അഴിമതി ആരോപണങ്ങളോ ഭരണവിരുദ്ധ തരംഗമോ സംസ്ഥാനത്ത് ഉണ്ടായിരുന്നില്ലെങ്കിലും ഇത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടമാക്കാനായില്ല.

ലിംഗായത്ത് സമുദായത്തെ പ്രത്യേകമതമായി പ്രഖ്യാപിക്കുകയും ന്യൂനപക്ഷപദവി നല്‍കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാരിന് വിടുകയും ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ ബുദ്ധിപരമായ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചെങ്കിലും അതും കോണ്‍ഗ്രസ് സര്‍ക്കാരിന് നേട്ടമായില്ല.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗസിനായിരുന്നു മേല്‍ക്കൈയുണ്ടായിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും തുടര്‍ച്ചയായി സംസ്ഥാനത്ത് നടത്തിയ പ്രചാരണപരിപാടികളും തന്ത്രങ്ങളും ബിജെപിയെ സാവധാനം ചിത്രത്തിലേക്ക് കൊണ്ടുവരുകയായിരുന്നു. ഇതോടെ അവസാന ഘട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം തന്നെ ബിജെപിയും മുന്നേറ്റം നേടി. വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന അഭിപ്രായസര്‍വേ ഫലങ്ങളും ഇരുപാര്‍ട്ടികള്‍ക്കും ഒരുപോലെയാണ് സാധ്യത കല്‍പിച്ചതും.

എന്നാല്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ ഇതിനേയും കവച്ചുവയ്ക്കുന്ന നേട്ടമാണ് ബിജെപിക്കുണ്ടായിരിക്കുന്നത്. കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും കേവലഭൂരിപക്ഷത്ിതന് ഏതാനും സീറ്റുകളുടെ മാത്രം കുറവാകും ബിജെപിക്കുണ്ടാകുക എന്നാണ് ഒടുവില്‍ പുറത്തുവരുന്ന സൂചനകള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top