‘പ്രതീക്ഷ’ തെറ്റിയില്ല, കര്‍ണാടകയില്‍ വോട്ട് പെട്ടിയിലായതിന് പിന്നാലെ ഇന്ധന വില വര്‍ധനവ്

പ്രതീകാത്മക ചിത്രം

ദില്ലി: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് ലിറ്ററിന് 17 പൈസയും ഡീസലിന് 21 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ഓയില്‍ കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്.

നീണ്ട 19 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഇതോടെ ദില്ലിയില്‍ പെട്രോളിന്റെ വില ലിറ്ററിന് 74.80 ഉം ഡീസലിന്റേത് 66.14 ഉം ആയി. നിലവില്‍ ഇത് യഥാക്രമം 74.63 ഉം 65.93 ഉം ആയിരുന്നു.

തിരുവനന്തപുരത്ത് പെട്രോളിന് 24 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനതലസ്ഥാനത്ത് പെട്രോള്‍ വില 78.85 ഉം ഡീസല്‍വില 71.81 ഉം ആയി.

വിലവര്‍ധനയോടെ ഡീസലിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പെട്രോളിന്റേത് കഴിഞ്ഞ 56 മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

ഏപ്രില്‍ 24 നായിരുന്നു ഏറ്റവും ഒടുവില്‍ രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചത്. ജനരോഷം ഉയര്‍ന്നതോടെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്ത് വിലവര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ 19 ദിവസം എണ്ണവില മാറ്റമില്ലാതെ തുടര്‍ന്നത്.

DONT MISS
Top