ദുരന്തമുഖങ്ങളിൽ രക്ഷകരാവാൻ മാത്രമല്ല, വിഷമില്ലാത്ത പച്ചക്കറിയൊരുക്കാനും ഇവര്‍ക്ക് സാധിക്കും, വ്യത്യസ്തരായി ബത്തേരിയിലെ ഫയർ സ്റ്റേഷൻ ജീവനക്കാർ

വയനാട്: ദുരന്തമുഖങ്ങളിൽ രക്ഷകരാവാൻ മാത്രമല്ല, ആരോഗ്യമുള്ള ഭക്ഷണത്തിന് വിഷമില്ലാത്ത പച്ചക്കറിയൊരുക്കാനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് വയനാട് ബത്തേരിയിലെ ഫയർ സ്റ്റേഷൻ ജീവനക്കാർ. സ്റ്റേഷൻ വളപ്പിലെ ജൈവ പച്ചക്കറി കൃഷിത്തോട്ടത്തിൽ വിവിധയിനം പച്ചക്കറികളാണ് ഇവർ വിളയിച്ചത്.

റോഡിൽ നിന്ന് നോക്കുമ്പോഴേ കാണാം പടർന്നു പന്തലിച്ചു നിൽക്കുന്ന പച്ചക്കറികൾ. കായ്ച്ച് കിടക്കുന്ന പാവൽ, വിളഞ്ഞ് പാകമായ പച്ചമുളക്. തക്കാളി, വഴുതന, തുടങ്ങി വ്യത്യസ്തമായ വിളകളോടെ ബത്തേരി ഫയർസ്റ്റേഷൻ സമൃദ്ധിയുടെ വിളനിലമായി മാറുകയാണ്. ഒഴിവ് വേളകളെ ഫലപ്രദമായി വിനിയോഗിക്കാനാണ് ജീവനക്കാർ പച്ചക്കറി കൃഷി ആരംഭിച്ചത്. കൃഷി ഭവന്റെ സഹകരണത്തോടെ കഴിഞ്ഞ ഡിസംബറിലാണ് കൃഷിയാരംഭിച്ചത്.

കൃഷിക്കാവശ്യമായ ഗ്രോബാഗു വിത്തും മറ്റ് സഹായങ്ങളുമെല്ലാം നൽകി കൃഷി ഭവനനിലെ ജീവനക്കാരും ഒപ്പം കൂടിയതോടെ കൃഷി ഉഷാറായി. വേനൽ കനത്തതോടെ ജോലിത്തിരക്കുകൾ കൂടിയെങ്കിലും കൃഷി പരിപാലനത്തിനായി രാവിലെയും വൈകീട്ടും ജീവനക്കാർ ഒത്ത് കൂടും.

ഇപ്പോൾ ഫയർസ്റ്റേഷനിലെ ജീവനക്കാർ ആരും കടയിൽ നിന്നും പച്ചക്കറികൾ വാങ്ങാറില്ല. വിളവെടുത്ത പച്ചക്കറികൾ ജീവനക്കാർ തന്നെ ലേലം ചെയ്ത് എടുക്കാറാണ് പതിവ്. ആദ്യഘട്ടം നടത്തിയ കൃഷി വൻ വിജയമായതിന്റെ ആവേശത്തിൽ കൃഷി കൂടുതൽ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജീവനക്കാർ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top