കോട്ടയം പൊന്‍കുന്നത്ത് മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർക്ക് വെട്ടേറ്റു; പിന്നിൽ ആര്‍എസ്എസ് ആണെന്ന് ആരോപണം

കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർക്ക് വെട്ടേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രി  പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിന് പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു.

പൊന്‍കുന്നം ചിറക്കടവ് അമ്പലത്തിനു സമീപത്തുവെച്ചായിരുന്നു അക്രമം. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകരെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. വടിവാള്‍ ഉപയോഗിച്ച് മൂന്ന് പേരുടെയും നെഞ്ചിലും വയറിലും വെട്ടി. വി‌ഷ്ണു‌‌‌രാജ്, സാജന്‍, രഞ്ജി‌ത്ത് എന്നിവരെയാണ് വെട്ടിയത്.

വെട്ടേറ്റ വിഷ്ണുരാജിന്റെ കുടല്‍ പുറത്ത് ചാടി. വിഷ്ണുരാജിന്റെ ഭാര്യവീട്ടിലേക്ക് പോകവെയായിരുന്നു അക്രമം. അക്രമിച്ച ശേഷം സംഘം ഓടിമറഞ്ഞു. സജീവ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരായ രവികൃഷ്ണന്‍, ഗോപന്‍, അശ്വിന്‍ വടക്കേക്കര എന്നിവരായിരുന്നു ആക്രമിച്ചതെന്ന് വെട്ടേറ്റവര്‍ പറഞ്ഞു. ഇവര്‍ മൂന്നും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ചിറക്കടവ് ക്ഷേത്രത്തിനു സമീപം ആയുധങ്ങൾ അടങ്ങിയ ചുവന്ന കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിനിടെ പൊൻകുന്നം മഞ്ഞപ്പള്ളിക്കുന്ന്, തെക്കേത്തു കവല, കൈലാത്തുകവല മേഖലകളിൽ ബിജെപി പ്രവർത്തകരുടെ വീടുകൾക്കു നേരേ ആക്രമണമുണ്ടായതായി ബിജെപി പ്രവർത്തകർ ആരോപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top