ഇത് ആണിന്റെ ലോകം അല്ല, പെണ്ണിന്റെയും അല്ല, ഇത് കഴിവിന്റെ ലോകമാണ്; ആവേശത്തിലാഴ്ത്തി ജയസൂര്യയുടെ മേരിക്കുട്ടി

ആരാധകരെ ആവേശത്തിലാഴ്ത്തി ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പുതുമ കൊണ്ടും കഥാപാത്രത്തിന്റെ ഗെറ്റപ്പ് കൊണ്ടും ഇതിനോടകം തന്നെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ ട്രെയിലറും വിസ്മയിപ്പിക്കുന്നതാണ്.

കഥാപാത്രങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന കഠിന പ്രയത്‌നങ്ങളിലൂടെ ഇതിന് മുന്‍പും ജയസൂര്യ എന്ന നടന്‍ ശ്രദ്ധ നേടിയിട്ടുണ്ട്. കഥാപാത്രത്തിന്റെ വ്യത്യസ്ഥതയിലൂടെ പ്രേക്ഷകരെ എന്നും വിസ്മയിപ്പിക്കുന്ന ജയസൂര്യയുടെ മറ്റൊരു തകര്‍പ്പന്‍ പ്രകടനമാകും ഞാന്‍ മേരിക്കുട്ടി എന്ന ചിത്രവും.

ട്രാന്‍സ്‌വുമണിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയത് വ്യത്യസ്ത മേഖലകളില്‍ പ്രശസ്തരായ അഞ്ച് ട്രാന്‍സ്‌വുമണ്‍സ് ചേര്‍ന്നാണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍, ഐടി പ്രൊഫഷണല്‍ സാറ, ബിസിനസുകാരിയായ തൃപ്തി ഷെട്ടി, സാമൂഹ്യ പ്രവര്‍ത്തക ശീതള്‍, നിയമോപദേശകയായ റിയ എന്നിവര്‍ ചേര്‍ന്നാണ് ഞാന്‍ മേരിക്കുട്ടിയുടെ ട്രെയിലര്‍ പുറത്തിറക്കിയത്.

ഹിറ്റ്കൂട്ടുകെട്ടായ ജയസൂര്യ രഞ്ജിത് ശങ്കര്‍ ടീം വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്.പുണ്യാളന്‍ പ്രെെവറ്റ് ലിമിറ്റഡ് എന്ന സിനിമയ്ക്ക് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഞാന്‍ മേരിക്കുട്ടി.

ചിത്രം ജൂണ്‍ 15ന് തിയേറ്ററുകളിലെത്തും. പ്രേതം, പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധി വാത്മീകം, പുണ്യാളന്‍ പ്രെെവറ്റ് ലിമിറ്റഡ് എന്നീ സിനിമകളില്‍ ഇതിന് മുന്‍പ് രഞ്ജിത് ശങ്കറും ജയസൂര്യയും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.

DONT MISS
Top