നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ല; അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രിംകോടതി തള്ളി

ദില്ലി: നടി ശ്രീദേവിയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ലഖ്‌നൗ സ്വദേശി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വിഷയം ഇതിനകം തന്നെ അവസാനിച്ചതായും കോടതി വ്യക്തമാക്കി. സമാനമായ രണ്ടു ഹര്‍ജികള്‍ തള്ളിയ കാര്യവും കോടതി ഓര്‍മ്മിപ്പിച്ചു.

ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ലഖ്‌നൗ സ്വദേശിയായ അഭിഭാഷകന്‍ സുനില്‍ സിംഗാണ് ഹര്‍ജി നല്‍കിയത്. ശ്രീദേവിയുടെ പേരില്‍ ജീവന്‍ പരിരക്ഷാ പോളിസി ഉണ്ടായിരുന്നുവെന്നും ശ്രീദേവി യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ വച്ച് മരിക്കുകയാണെങ്കില്‍ മാത്രമേ ഇത് ലഭിക്കുകയുള്ളുവെന്നും അതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ ഹര്‍ജി നല്‍കിയത്.

എന്നാല്‍ മരണത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളുകയായിരുന്നു. വിഷയം ഇതിനകം അവസാനിച്ചു കഴിഞ്ഞുവെന്നും കോടതി വ്യക്തമാക്കി.

യുഎഇയിലെ റാസല്‍ഖൈമയില്‍ ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹചടങ്ങിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ശ്രീദേവി മരിച്ചത്.
റാസല്‍ഖൈമയിലെ ചടങ്ങിന് ശേഷം കുടുംബസമേതം ദുബായില്‍ താമസിച്ചിരുന്ന എമിറേറ്റ്‌സ് ടവര്‍ ഹോട്ടലില്‍ തിരികെയെത്തിയ ശ്രീദേവി ബാത്ത് റൂമില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ബാത്ത് ടബ്ബില്‍ മുങ്ങിയാണ് മരണമുണ്ടായതെന്ന് ഫോറന്‍സിക് അധികൃതര്‍ നടത്തിയ വിദഗ്ധപരിശോധനയില്‍ വ്യക്തമായിരുന്നു. അതേസമയം ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാകാന്‍ വൈകിയത് ഏറെ സംശയങ്ങള്‍ക്കിടയാക്കിയിരുന്നു.

DONT MISS
Top