കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ബന്ധുക്കളോട് പൊലീസ് കൈക്കൂലി വാങ്ങിയെന്ന് റിപ്പോര്‍ട്ട്; പണം വാങ്ങിയ പൊലീസ് ഡ്രൈവറെ സസ്‌പെന്റ് ചെയ്തു

കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് (ഫയല്‍)

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ദേവസ്വംപാടം സ്വദേശി ശ്രീജിത്തിന്റെ ബന്ധുക്കളോട്  കൈക്കൂലി വാങ്ങിയതിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഡ്രൈവറെ സസ്പന്റ് ചെയ്തു. സിഐയുടെ ഡ്രൈവറായിരുന്ന പ്രദീപ് കുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്.

25,000 രൂപ നല്‍കിയാല്‍ ശ്രീജിത്തിനെ വിട്ടയക്കാമെന്ന് വാഗ്ദാനം ചെയ്ത് സിഐയുടെ ഡ്രൈവറായ പ്രദീപ്കുമാര്‍ ബന്ധുക്കളെ സമീപിക്കുകയും ബന്ധുക്കളില്‍ നിന്ന് പതിനയ്യായിരം രൂപ വാങ്ങുകയും ചെയ്തതായി കസ്റ്റഡി മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യകേ സംഘം കണ്ടെത്തിയിരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പ്രദീപ് കുമാറിനെ സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള ഉത്തരവ് വന്നത്.

അയല്‍വീട് ആക്രമിച്ച സംഭവത്തില്‍ ശ്രീജിത്തിനെ വരാപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ വിട്ടയക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട് ബന്ധുക്കളെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഡ്രൈവര്‍ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. 25,000 രൂപയാണ് ശ്രീജിത്തിനെയും ഒപ്പം കസ്റ്റഡിയിലെടുത്ത അനുജന്‍ സുജിത്തിനെയും കസ്റ്റഡിയില്‍ നിന്ന് വിട്ടയക്കുന്നതിനായി പൊലീസ് ആവശ്യപ്പെട്ടത്. പിന്നീട് ഇടനിലക്കാര്‍ വഴി ബന്ധുക്കള്‍ 15,000 രൂപ സിഐയുടെ ഡ്രൈവര്‍ക്ക് നല്‍കി.

എന്നാല്‍ ശ്രീജിത്ത് പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയിലാകുകയും മരിക്കുകയും ചെയ്തതിന് പിന്നാലെ പണം പൊലീസ് ബന്ധുക്കള്‍ക്ക് മടക്കി നല്‍കിയതായും കസ്റ്റഡി മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് വ്യക്തമായിട്ടുണ്ട്. കൈക്കൂലി വാങ്ങുന്നതുപോലെ തന്നെ കുറ്റകരമാണ് കൈക്കൂലി കൊടുക്കുന്നതുമെന്നതിനാല്‍ കേസ് ആകുമെന്ന് ഭയന്നാണ് പണം നല്‍കിയ കാര്യം ബന്ധുക്കള്‍ പുറത്തുപറയാതിരുന്നതെന്നും അന്വേഷണ സംഘത്തിന് മനസിലായിട്ടുണ്ട്. കൈക്കൂലി വിഷയത്തിലും അന്വേഷണം നടക്കുകയാണ്.

അതേസമയം, ശ്രീജിത്ത് മര്‍ദ്ദനമേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കൂടി കേസ് രജിസ്റ്റര്‍ ചെയ്തു. ശ്രീജിത്ത് കസ്റ്റഡിയിലായിരുന്നപ്പോള്‍ വരാപ്പുഴ പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐമാരായ ജയാനന്ദന്‍, സന്തോഷ് ബേബി, സിപിഒമാരായ സുനില്‍ കുമാര്‍, ശ്രീരാജ് എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതോടെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാരുടെ എണ്ണം ഒന്‍പതായി.

വരാപ്പുഴ എസ്‌ഐ ജിഎസ് ദീപക്, പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, മൂന്ന് മുന്‍ ആര്‍ടിഎഫ് (റൂറല്‍ ടൈഗര്‍ ഫോഴ്‌സ്) ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് നേരത്തെ കേസില്‍ പ്രതിചേര്‍ത്തിരുന്നത്. ഇതില്‍ സിഐ ഒഴികെയുള്ളവര്‍ ഇപ്പോള്‍ റിമാന്റിലാണ്. സിഐ ക്രിസ്പിന്‍ സാമിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കൊലക്കുറ്റം ചുമത്താതിരുന്നതിനാല്‍ പിറ്റേദിവസം ജാമ്യം ലഭിച്ചിരുന്നു.

കേസില്‍ ആലുവ റൂറല്‍ എസ്പിയായിരുന്ന എവി ജോര്‍ജിനെയും പ്രതിചേര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം. ഇതിന് മുന്നോടിയായി കഴിഞ്ഞ ദിവസം എസ്പിയെ ചോദ്യം ചെയ്തിരുന്നു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് എസ്പിയെ ചോദ്യം ചെയ്യുന്നത്. എസ്പി എവി ജോര്‍ജിനെ പ്രതിയാക്കാനുതകുന്ന വിധത്തിലുള്ള മൊഴികള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതിയാക്കിയാലും എവി ജോര്‍ജിനെതിരെ കൊലക്കുറ്റം ചുമത്തില്ലെന്നാണ് വിവരം.

DONT MISS
Top