കര്‍ണാടക തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനിച്ചു; കൊട്ടിക്കലാശത്തിന് കേന്ദ്രനേതാക്കളെ ഇറക്കി ബിജെപി

പ്രതീകാത്മക ചിത്രം

ബാംഗളുരു: ഒരു മാസത്തിലധികം നീണ്ടു നിന്ന് പ്രചാരണ കോലാഹലങ്ങള്‍ സമാപിച്ചു, കര്‍ണാടക ജനത ശനിയാഴ്ച പോളിംഗ് ബൂത്തിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിച്ചപ്പോള്‍ കൊട്ടിക്കലാശത്തിന് ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരേയും കളത്തിലിറക്കി ബിജെപി കരുത്ത് തെളിയിക്കാന്‍ ശ്രമിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, അനന്ത് കുമാര്‍, പ്രകാശ് ജാവദേക്കര്‍, പീയുഷ് ഗോയല്‍, ഡി.വി സദാനന്ദ ഗൗഡ, അനുരാഗ് താക്കൂര്‍, കൃഷ്ണപാല്‍ ഗുജ്ജര്‍, സന്തോഷ് ഗാങ്‌വാര്‍ തുടങ്ങിയവര്‍ ബിജെപിക്ക് വേണ്ടി അവസാനദിവസത്തെ കാടിളക്കിയുള്ള പ്രചാരണത്തിനിറങ്ങി.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പും പ്രചാരണത്തിന്റെ ആദ്യഘട്ടത്തിലും ഭരണകക്ഷിയായ കോണ്‍ഗ്രസ് ആണ് മുന്നേറ്റം നടത്തുകയും അഭിപ്രായസര്‍വേകളില്‍ നേട്ടമുണ്ടാക്കിയതും. എന്നാല്‍ ഇതിനെ ശക്തമായ പ്രചാരണത്തിലൂടെ മറികടക്കാനുള്ള ബിജെപിയുടെ ശ്രമം ഒരു പരിധിവരെ വിജയിച്ച കാഴ്ചയാണ് പ്രചാരണത്തിന്റെ അവസാനദിവസങ്ങളില്‍ കണ്ടത്. മോദി സംസ്ഥാനത്ത് നിരവധി തവണയാണ് പ്രചാരണത്തിന് ഇറങ്ങിയത്. മറ്റൊരു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലും ഇത്രയധികം പ്രചാരണ പരിപാടിയില്‍ മോദി പങ്കെടുത്തിട്ടുണ്ടാകില്ല. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാനത്ത് ക്യാമ്പ് ചെയ്താണ് പ്രചാരണം നയിച്ചത്. ഇതുകൂടാതെയാണ് ദേശീയ നേതാക്കളും മന്ത്രിമാരും സംസ്ഥാനത്ത് പ്രചാരണത്തിന് എത്തിയത്.

മുഖ്യമന്ത്രി സിദ്ധരാമയയ്യും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായിരുന്നു കോണ്‍ഗ്രസിന്റെ മുഖ്യപ്രചാരകര്‍. ഏറെ നാളായി പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി കോണ്‍ഗ്രസിന് വേണ്ടി കര്‍ണാടകത്തില്‍ പ്രചാരണത്തിനെത്തിയെന്നതും ശ്രദ്ധേയമായിരുന്നു.

ചൊവ്വാഴ്ചയാണ് സോണിയ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്തത്. രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായാണ് അവര്‍ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ സംബന്ധിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് സംസ്ഥാനത്തെത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് റാലികളിലും യോഗങ്ങളിലും പ്രചാരണം നടത്തി. ഇന്നും രാഹുലിന്റെ പ്രചാരണ പരിപാടികള്‍ സംസ്ഥാനത്തുണ്ടായിരുന്നു. പലപൊതുയോഗങ്ങളും രാഹുലും നരേന്ദ്രമോദിയും തമ്മിലുള്ള നേര്‍ക്ക് നേര്‍ക്കുള്ള വാക്‌പോരാട്ടങ്ങളുമായി.

ഇതേസമയം, മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയും മകന്‍ എച്ച്ഡി കുമാരസ്വാമിയും നേതൃത്വം നല്‍കുന്ന ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്) നയിക്കുന്ന മൂന്നാം മുന്നണിയും ശക്തമായ പ്രചാരണമാണ് സംസ്ഥാനത്ത് നടത്തിയത്. അഭിപ്രായ സര്‍വേകളിലും പ്രചാരണത്തിലും ഏറെ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ നിര്‍ണായക ശക്തിയാകാമെന്ന കണക്കുകൂട്ടലിലാണ് ജെഡിഎസ്.

മെയ് 12 നാണ് വോട്ടെടുപ്പ്. 4.9 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. മെയ് 15 നാണ് ഫലപ്രഖ്യാപനം. 224 നിയമസഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top