ഇത് അഹങ്കാരമല്ലാതെ മറ്റെന്താണ്; പ്രധാനമന്ത്രിയാകാന്‍ തയ്യാറാണെന്ന രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ മോദി

നരേന്ദ്ര മോദി

ബംഗളുരു: താന്‍ പ്രധാനമന്ത്രിയാകാന്‍ തയ്യാറാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിന്റെ പരാമര്‍ശം അദ്ദേഹത്തിന്റെ അഹങ്കാരത്തെയാണ് സൂചിപ്പിക്കുന്നതെന്ന് പേരെടുത്ത് പറയാതെ മോദി പറഞ്ഞു.

വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ളവര്‍ പോലും ഇവിടെ ഉള്ളപ്പോള്‍ ഒരാള്‍ക്ക് എങ്ങനെയാണ് സ്വയം പ്രധാനമന്ത്രിയായി പ്രഖ്യാപിക്കാനാകുക? ഇത് അഹങ്കാരമല്ലാതെ മറ്റെന്താണ്, ഇത്തരത്തില്‍ അപക്വമായ ഒരാളെ ഇന്ത്യ എങ്ങനെ സ്വീകരിക്കും? മോദി ചോദിച്ചു. കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദിയുടെ പരാമര്‍ശം.

കഴിഞ്ഞ ദിവസം കര്‍ണ്ണാടകയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് പ്രധാനമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് രാഹുല്‍ പറഞ്ഞു. ബിജെപി അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുകയോ, മോദി പ്രധാനമന്ത്രി ആകുകയോ ചെയ്യില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ബംഗളുരുവിലെ രാജ രാജേശ്വരി നഗര്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 10000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് റെയ്ഡില്‍ പിടികൂടിയതിന് പിന്നാലെ കോണ്‍ഗ്രസ്-ബിജെപി വാക്‌പോര് രൂക്ഷമായിരിക്കുകയാണ്. തോല്‍വി മുന്നില്‍ക്കണ്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ആര്‍ആര്‍ നഗറിലെ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബിജെപി രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് കോണ്‍ഗ്രസും തിരിച്ചടിച്ചു. കര്‍ണ്ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം നാളെ അവസാനിക്കും. 12 നാണ് വോട്ടെടുപ്പ്.

DONT MISS
Top