കളക്ടറേറ്റ് ഉപരോധിച്ച് അറസ്റ്റ് വരിക്കാന്‍ ഹസന്‍ കാത്തിരുന്നു, പൊലീസ് തിരിഞ്ഞ് നോക്കിയില്ല, ഒടുവില്‍ പൊലീസിനെ വിളിച്ച് വരുത്തി അറസ്റ്റ് വരിച്ചു; കാണാം രസകരമായ സംഭവം


കൊച്ചി: പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞാല്‍ ആരുമൊന്ന് ഭയക്കും. എന്നാല്‍ പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിക്കേണ്ട ഗതികേട് ചിലസമയങ്ങളില്‍ രാഷ്ട്രീയനേതാക്കള്‍ക്ക് ഉണ്ടാകും. എറണാകുളം കളക്ടറേറ്റില്‍ നടന്ന ഉപരോധസമരത്തിന്റെ ഉദ്ഘാടകനായെത്തിയ കെപിസിസി പ്രസിഡന്റ് എംഎം ഹസനും ഇങ്ങനെയൊരു അവസ്ഥ നേരിടേണ്ടി വന്നു.

പൊലീസ് അറസ്റ്റ് ചെയ്യുന്നതോടെയാണ് സാധാരണ ഉപരോധ സമരങ്ങള്‍ അവസാനിക്കുന്നത്. എന്നാല്‍ ഉപരോധക്കാരെ പൊലീസ് തിരിഞ്ഞ് നോക്കിയില്ലെങ്കിലോ, പെട്ടത് തന്നെ. എങ്ങനെയും അറസ്റ്റ് വരിക്കുകയേ പിന്നെ നിവൃത്തിയുള്ളൂ.

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു യുഡിഎഫ് എറണാകുളം ജില്ലാ കമ്മറ്റി കളക്ടറേറ്റിലേക്ക് ഉപരോധസമരം നടത്തിയത്. ഉദ്ഘാടകനായ എംഎം ഹസന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ച് മണിക്കൂറികള്‍ കാത്തിരുന്നെങ്കിലും ഒരു പൊലീസുകാരന്‍ പോലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ആ വഴി വന്നില്ല. ഒടുവില്‍ പ്രവര്‍ത്തകര്‍ തന്നെ ഒരു പൊലീസുകാരനെ കണ്ടെത്തി ഹസനെ അറസ്റ്റ് ചെയ്യിച്ചു. ഇനി പൊലീസ് ജീപ്പില്‍ കയറ്റണം. ഇതിനിടയില്‍ പൊലീസുകാരന്‍ മുങ്ങാതിരിക്കാന്‍ ഹസന്‍ പൊലീസുകാരന്റെ കൈയില്‍ മുറുകെപ്പിടിച്ചു.

ജീപ്പ് വിളിച്ചിട്ട് വരാമെന്ന് പറഞ്ഞ് പോയ പൊലീസുകാരന്‍ ആ വഴി പോയി. അതോടെ ഹസന്റെ ആ നില്‍പ്പ് പിന്നെയും തുടര്‍ന്നു. ഒടുവില്‍ ക്ഷമ നശിച്ച ഒരു പ്രവര്‍ത്തകന്‍ ഉപദേശിച്ചതിങ്ങനെ- നമുക്കിനി ജിപ്പിനടുത്തേക്ക് പോകാം. അവര് വന്നില്ലെങ്കില്‍ നമുക്ക് അങ്ങോട്ട് പോകാം. അതാ നല്ലത്. എങ്ങനെയെങ്കിലും ജീപ്പില്‍ കയറി രക്ഷപെട്ടാല്‍ മതിയെന്ന അവസ്ഥയിലായിരുന്നു ഒടുവില്‍ ഹസന്‍.

DONT MISS
Top