മോദി മാജിക്ക് കര്‍ണാടകയില്‍ വിലപ്പോകില്ല, ബിജെപി എന്നാല്‍ പ്രിസണ്‍, പ്രൈസ്, പക്കോട പാര്‍ട്ടി; തിരിച്ചടിച്ച് സിദ്ധരാമയ്യ

ബംഗളുരു: കോണ്‍ഗ്രസ് പാര്‍ട്ടിയെ അധിക്ഷേപിക്കാന്‍ മോദി ഉപയോഗിച്ച പിപിപി (പഞ്ചാബ്, പുതുച്ചേരി, പരിവാര്‍) പ്രയോഗത്തിലൂടെ ബിജെപിക്കെതിരെ തിരിച്ചടിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപി പ്രിസണ്‍, പ്രൈസ്, പക്കോട പാര്‍ട്ടിയാണെന്ന് സിദ്ധരാമയ്യ കളിയാക്കി.

പിപിപിയ്ക്ക് താങ്കള്‍ പുതിയ വ്യാഖ്യാനം നല്‍കിയെന്ന് കേട്ടു. സര്‍, ഞങ്ങള്‍ എല്ലായ്‌പ്പോഴും ജനാധിപത്യത്തിന്റെ മൂന്ന് പി യും (ഓഫ് ദി പീപ്പിള്‍, ബൈ ദി പീപ്പിള്‍, ഫോര്‍ ദി പീപ്പിള്‍) ഉയര്‍ത്തിപ്പിടിച്ചവരാണ്. എന്നാല്‍ നിങ്ങളുടെത് പ്രിസണ്‍, പ്രൈസ് റൈസ്, പക്കോട പാര്‍ട്ടിയാണ്. സിദ്ധരാമയ്യ പ്രതികരിച്ചു.

മോദി മാജിക്ക് കര്‍ണാടയകയില്‍ വിജയിക്കാന്‍ പോകുന്നില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പോലും ബഹുമാനിക്കാത്ത ആളാണ് മോദി. മതത്തിന്റെ പേരില്‍ ജനങ്ങളെ വര്‍ഗീകരിക്കാനാണ് മോദി ശ്രമിക്കുന്നത്. യെദ്യൂരപ്പയും കുമാരസ്വാമിയും അവകാശപ്പെടുന്നത് തങ്ങള്‍ അധികാരത്തിലെത്തുമെന്നാണ്. എന്നാല്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തും.

മോദി നിങ്ങളുടെ സുഹൃത്തുക്കളില്‍ ഒരാളായ ജി ജനാര്‍ദ്ദന റെഡ്ഡി നോട്ട് നിരോധന കാലത്ത് 500 കോടി ചെലവഴിച്ചാണ് മകളുടെ വിവാഹം നടത്തിയത്. നിങ്ങളുടെ പാര്‍ട്ടി അധ്യക്ഷന്റെ മകന്റെ കമ്പനിക്ക് വെറും രണ്ട് വര്‍ഷം കൊണ്ട് 16,000 മടങ്ങ് ലാഭവളര്‍ച്ചയാണ് ഉണ്ടായത്. ഇങ്ങനെയുള്ള ബിജെപിക്ക് അഴിമതിക്കെതിരെ പറയാന്‍ അവകാശമില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില യുപിഎ ഭരണകാലത്തെ വിലയുടെ പകുതിയാണ്. എന്നിട്ടും പെട്രോളിനും ഡീസലിനും വില വര്‍ധിക്കുകയാണ്. യുവാക്കളോട് പക്കോട വില്‍ക്കാന്‍ പറയുന്നതിന് പകരം എന്തുകൊണ്ട് നിങ്ങള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധിക്കുന്നില്ല. മഹാദായി നദീജല വിഷയത്തില്‍ എന്തുകൊണ്ട് ഇടപെടുന്നില്ല. സിദ്ധരാമയ്യ ചോദിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top