കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് പഞ്ചാബ്, പുതുച്ചേരി, പരിവാര്‍ പാര്‍ട്ടിയായി മാറുമെന്ന് നരേന്ദ്ര മോദി


ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണം അതിന്റെ ഉച്ചസ്ഥായിയിലേക്ക് എത്തിയിരിക്കുകയാണ്. മുഖ്യപോരാട്ടം നടത്തുന്ന കോണ്‍ഗ്രസും ബിജെപിയും ശക്തമായ പ്രചാരണപരിപാടികളാണ് നടത്തുന്നത്. ഇരുപാര്‍ട്ടികളുടെയും പ്രചരണങ്ങള്‍ പലപ്പോഴും വാക്‌പോരിലേക്കും മാറുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും അവസാനവട്ട പ്രചരണത്തിനായി എത്തിയിരിക്കുകയാണ്.

കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഗദകില്‍ നടന്ന പ്രചാരണ പരിപാടിയില്‍ മോദി ഉയര്‍ത്തിയത്. കര്‍ണാടക തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോണ്‍ഗ്രസ് പഞ്ചാബ്, പുതുച്ചേരി, പരിവാര്‍ (പിപിപി) പാര്‍ട്ടിയായി മാറുമെന്ന് മോദി പരിഹസിച്ചു. കോണ്‍ഗ്രസ് അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ അഴിമതിയുടെ ടാങ്ക് കര്‍ണാടകത്തിലാണ്. ഇതിനെ പൈപ്പ് വഴി ദില്ലിയുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് ലേലം വിളിയിലൂടെയാണ്. മെയ് 15 ന് ശേഷം കോണ്‍ഗ്രസ് പിപിപി പാര്‍ട്ടിയാകും.

ജനങ്ങളുടെ ഹൃദയവികാരങ്ങള്‍ മനസിലാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന് ചിത്രദുര്‍ഗയില്‍ നടത്തിയ റാലിയില്‍ മോദി കുറ്റപ്പെടുത്തി. രാജ്യത്തെ പരമപ്രധാന സ്ഥാനങ്ങളിലെല്ലാം ഇന്ന് പാവപ്പെട്ട കുടുംബത്തില്‍ നിന്ന് വന്ന ആളുകളാണ്. ഇത് കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ദലിത് വിഭാഗത്തിന്റെ പേരില്‍ തെറ്റിദ്ധാരണകള്‍ പരത്തുന്നത്. ചിത്രദുര്‍ഗ ഉടന്‍ തന്നെ ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും പ്രധാന കേന്ദ്രമായി മാറും. മോദി പറഞ്ഞു.

അമിത് ഷായും കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. കര്‍ണാടകയില്‍ തൂക്കുനിയമസഭയ്ക്ക് യാതൊരു സാധ്യതയും ഇല്ലെന്നും ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുമെന്നും ഷാ പറഞ്ഞു. കര്‍ണാടക തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോണ്‍ഗ്രസ് പിപി പാര്‍ട്ടിയായി മാറുമെന്നായിരുന്നു ഷാ യുടെ വാക്കുകള്‍ മോദി പ്രയോഗിച്ച പിപിപിയില്‍ നിന്നും പി (പഞ്ചാബ്) ഒഴിവാക്കിയാണ് ഷായുടെ പരിഹാസം.

DONT MISS
Top