ചെങ്ങന്നൂരില്‍ അട്ടിമറി പ്രതീക്ഷകളുമായി മുന്നണികള്‍

ചെങ്ങന്നൂര്‍: മൂന്നു സ്ഥാനാര്‍ത്ഥികളും വിജയസാധ്യത അവകാശപ്പെടുമ്പോഴും പതിവ് പോലെ ചെങ്ങന്നൂരിന്റെ മനസ് ആര്‍ക്കൊപ്പമെന്നത് ഇപ്പോഴും പ്രവചനാതീതമാണ്. ഒരു പാര്‍ട്ടിയോടും പ്രത്യേക മമത പുലര്‍ത്തിയിട്ടില്ലാത്ത മണ്ഡലത്തില്‍ ഇക്കുറിയും അട്ടിമറികള്‍ നടക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍.

സാധ്യതകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും പിടികൊടുക്കാത്ത മണ്ഡലത്തില്‍ ഇത്തവണയും ആ സസ്‌പെന്‍സ് വോട്ടര്‍മാര്‍ നിലനിര്‍ത്തുകയാണ്. ആദ്യഘട്ട പ്രചരണം പൂര്‍ത്തിയായപ്പോഴും മണ്ഡലം എങ്ങോട്ടു ചായുമെന്നതിനെക്കുറിച്ചൊരു പ്രവചനം മുന്നണികള്‍ക്കും അസാധ്യമാണ്. മുന്‍കാലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്കുണ്ടായ അപ്രതീക്ഷിത തിരിച്ചടികളും അട്ടിമറി വിജയവും അപ്രതീക്ഷിത കുതിച്ചു ചാട്ടവുമൊക്കെ അതിന് കാരണങ്ങളാണ്. 57 മുതലുള്ള തെരഞ്ഞെടുപ്പുകളില്‍ ഏതെങ്കിലുമൊരു മുന്നണിക്കൊപ്പം തുടര്‍ച്ചയായി നിന്ന പാരമ്പര്യം ചെങ്ങന്നൂരിനില്ല. ആകെ നടന്ന 15 തെരഞ്ഞെടുപ്പുകളില്‍ 9 തവണ യുഡിഎഫും അഞ്ച് തവണ ഇടതുപക്ഷവുമാണ് ഇവിടെ വിജയിച്ചത്.

87 മുതല്‍ 2016 വരെ നാല് മുതല്‍ 13 ശതമാനം വോട്ടു മാത്രം നേടാനായ ബിജെപിയ്ക്ക് കഴിഞ്ഞ തവണ മണ്ഡലത്തിലുണ്ടായ മുന്നേറ്റം ഇക്കുറി നിലനിര്‍ത്താനാകുമോ എന്നത് പ്രധാനമാണ്. 2011ല്‍ നേടിയ 4.84 ശതമാനം വോട്ടില്‍ നിന്നാണ് കഴിഞ്ഞ തവണ 29.33 ശതമാനം വോട്ടിലേക്ക് ബിജെപി കുതിച്ചു ചാടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1.90 ലക്ഷം വോട്ടര്‍മാരുണ്ടായിരുന്ന മണ്ഡലത്തില്‍ ഇത്തവണയുള്ളത് 1.70 പേരാണ്. അതായത് ഇരുപതിനായിരത്തിലധികം വോട്ടര്‍മാരുടെ കുറവ് മണ്ഡലത്തിലുണ്ടായിരിക്കുന്നു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയ 8000 പേരെ ഒഴിച്ചു നിര്‍ത്തിയാലും 12000 പേരുടെ കുറവ് ഇക്കുറിയുണ്ടാകും. പ്രവാസി വോട്ടുകളുടെ കുറവുണ്ടായതാണ് ഇത്തരമൊരു അപൂര്‍വ സാഹചര്യത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top