ആര്‍എസ്എസ് ബന്ധം: കാനവും കോടിയേരിയും നാടകം കളിക്കുന്നുവെന്ന് ഹസന്‍

എംഎം ഹസൻ

ചെങ്ങന്നൂർ: സംഘപരിവാറുമായി രഹസ്യ ധാരണയുണ്ടാക്കിയ ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും ജനങ്ങളെ കബളിപ്പിക്കാൻ നാടകം കളിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ എംഎം ഹസൻ. ചെങ്ങന്നൂരിൽ നടത്തിയ പത്രസമ്മേളനത്തിലാണ് സിപിഎമ്മിനേയും സിപിഐയെയും കടന്നാക്രമിച്ചത്.

ആർഎസ്എസ് ഫാസിസത്തെ എന്നും എതിർക്കുന്ന കോൺഗ്രസ് അവരുടെ വോട്ട് ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. എന്നാൽ സംഘപരിവാറുമായി രഹസ്യബന്ധം ഉണ്ടാക്കിയശേഷം പരസ്പര വിരുദ്ധമായ അഭിപ്രായം പറഞ്ഞു നാടകം കളിക്കുകയാണ് ഇടത് മുന്നണി ചെയ്യുന്നത്. ദേശീയതലത്തിൽ ബിജെപിയുടെ പ്രധാന ശത്രു കോൺഗ്രസ് ആണ്. ശത്രുവിന്റെ ശത്രു മിത്രം എന്ന ആപ്തവാക്യം ആണ് ഇടതു മുന്നണി സ്വീകരിക്കുന്നത്. അത് കൊണ്ടാണ് ബിജെപി അനുകൂല നിലപാട് ഇടത് പക്ഷം സ്വീകരിക്കുന്നതെന്നും ഹസന്‍ പറഞ്ഞു.

സാധാരണ പറയാറുള്ളത് പോലെ നാക്ക് പിഴയാണ് എന്ന് പറഞ്ഞു ആർ എസ്എസ് അനുകൂല സമീപനം കാനം പിന്നീട് തിരുത്തുമോ എന്ന് കണ്ടറിയണം. സിപിഐഎം -ആർഎസ്എസ് രഹസ്യ ധാരണ പലപ്പോഴും വെളിയില്‍ വരുന്നുണ്ട്. കുട്ടംപേരൂർ നദിയുമായി ബന്ധപ്പെട്ടു ഇടത് സർക്കാരിന്റെ നടപടികളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻകീ ബാത് റേഡിയോ പ്രസംഗത്തിൽ പുകഴ്ത്തിയിരുന്നു. മുഖ്യശത്രുവായ കോൺഗ്രസിനെ ദേശീയ തലത്തിൽ എതിർക്കുന്നതിന്റെ ഭാഗമായി കോൺഗ്രസിന്റെ സംസ്ഥാന തലത്തിലുള്ള എതിരാളികളുമായി കൂട്ടുകൂടാൻ ബിജെപിയ്ക്കും താല്പര്യമുണ്ട്. അക്രമത്തിനും ഫാസിസത്തിനും എതിരേ മാത്രമല്ല പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയും പോരാടുക എന്നത് യുഡിഎഫിന്റെ പ്രധാനലക്ഷ്യമാണെന്ന് എംഎം ഹസൻ പറഞ്ഞു.

DONT MISS
Top