ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തി: പി ശശിയുടെ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തട്ടിപ്പ് നടത്തിയത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരുപറഞ്ഞ്

പ്രതീകാത്മക ചിത്രം

കോഴിക്കോട്: സിപിഐഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ശശിയുടെ സഹോദരന്‍ പി സതീശനെ സമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ജോലി വാഗ്ദാനം ചെയ്തും ആശ്രിത നിയമനത്തിന്റെ പേരിലുമാണ് സതീശന്‍ ലക്ഷങ്ങള്‍ തട്ടിയത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സിപിഐഎം നേതാക്കളുടെയും പേരു പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. കോഴിക്കോട് കസബ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പാര്‍ട്ടിയുടെ സ്വന്തം ആളാണെന്ന് പറഞ്ഞാണ് സതീശന്‍ തട്ടിപ്പ് ആരംഭിച്ചത്. ആറുമാസം മുമ്പ് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം കൈക്കലാക്കി. പിന്നീട് ബന്ധപ്പെടുമ്പോഴെല്ലാം എയര്‍പ്പോര്‍ട്ടില്‍ ജോലി ഉറപ്പായെന്നും ഒരു പേരിന് ഇന്റര്‍വ്യൂവില്‍ പങ്കെടുത്താല്‍ മതിയെന്നുമായിരുന്നു മറുപടി. പറഞ്ഞ സമയ പരിധി കഴിഞ്ഞപ്പോള്‍ പണം നല്‍കിയവര്‍ സതീശനെ നേരിട്ടു പോയി കണ്ടു. തന്റെ പാര്‍ട്ടി ബന്ധം ഉറപ്പിക്കാന്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ചില സിപിഐഎം നേതാക്കളെയും ഫോണില്‍ വിളിക്കുന്നതായി സതീശന്‍ അഭിനയിച്ചു. വീണ്ടും ചോദിച്ചപ്പോള്‍ പി ശശിയെ അറിയില്ലെയെന്നും അതുകൊണ്ട് പൂര്‍ണ്ണമായി വിശ്വസിക്കാമെന്നും പറഞ്ഞു. എന്നാല്‍ നിയമനങ്ങളൊന്നും നടക്കാതാകുകയും പരാതിക്കാരായ യുവാക്കളുടെ ബന്ധുവായ ഒരു സ്ത്രീയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെന്നറിഞ്ഞതോടെയാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. ആശ്രിത നിയമനത്തിന്റെ പേരിലായിരുന്നു ഫറോക്ക് സ്വദേശിയായ സ്ത്രീയില്‍ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയത്.

വിമാനത്താവളത്തിന് പുറമെ സ്‌കില്‍ ഡവലപ്‌മെന്റിന് കീഴിലുള്ള സീസ്റ്റെഡില്‍ സ്ഥിര നിയമനം വാഗ്ദാനം ചെയ്ത് 20 ലേറെ പേരില്‍ നിന്നും ഇയാള്‍ പണം തട്ടിയതായും പരാതിയുണ്ട്. പൊലീസില്‍ പരാതി നല്‍കുമെന്ന് ഉറപ്പായപ്പോള്‍ പണം തിരികെ നല്‍കി രക്ഷപെടാനും സതീശന്‍ ശ്രമിച്ചതായി പരാതിക്കാര്‍ പറയുന്നു. സതീശനെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് കസബ പൊലീസ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സിപിഐഎം നേതാക്കളുടെയും പേരുപറഞ്ഞുള്ള തട്ടിപ്പില്‍ മറ്റ് ആര്‍ക്കൊക്കെ പങ്കുണ്ടെന്നും കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരിയായിട്ടുണ്ടോ എന്നതുമാണ് ഇനി അറിയേണ്ടത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top