ട്വന്റി20 സിനിമ മറ്റൊരു ഭാഷയിലും എടുക്കാന്‍ സാധിച്ചില്ല, കാരണം താരങ്ങളുടെ ഈഗോ; മലയാളത്തില്‍ അങ്ങനൊരു വിഷയമില്ല: ഇന്നസെന്റ്

തിരുവനന്തപുരം: മലയാളസിനിമയില്‍ പലകാരണങ്ങളാലും ചരിത്രം രചിച്ച സിനിമയായിരുന്നു ട്വന്റി20. താരസംഘടനയായ അമ്മയ്ക്ക് വേണ്ടി നടന്‍ ദിലീപായിരുന്നു ചിത്രം നിര്‍മിച്ചത്. അമ്മയിലെ ഏതാണ്ട് എല്ലാ താരങ്ങളും ചിത്രത്തില്‍ വേഷമിട്ടു. അമ്മയുടെ ഒരു പരീക്ഷണ നീക്കമായിരുന്നു അത്. എന്നാല്‍ അത് വന്‍വിജയമാണ് നേടിയത്. ഈ സിനിമ മറ്റ് ഭാഷകളില്‍ എടുക്കാന്‍ നോക്കിയെങ്കിലും നടന്നില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു.

മെയ് ആറിന് തിരുവനന്തപുരത്ത് നടക്കുന്ന അമ്മ മഴവില്ല് മെഗാ ഷോയെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു ഇന്നസെന്റ്.

കാശുകാരായി കഴിഞ്ഞ സിനിമാതാരങ്ങള്‍ എന്തിനാണ് ഇനിയും മെഗാ ഷോ നടത്തി കാശ് ഉണ്ടാക്കുന്നതെന്ന് പലര്‍ക്കും സംശയം തോന്നാം. എന്നാല്‍ അതിന് കാരണമുണ്ട്. ഒരുകാലത്ത് മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുകയും ഇന്ന് ജീവിക്കാന്‍ കഷ്ടപ്പെടുകയും ചെയ്യുന്ന പഴയകാല താരങ്ങളെ സഹായിക്കാനാണ് ഇത്തരം ഷോകള്‍ സംഘടിപ്പിക്കുന്നത്. അന്തരിച്ച മുരളി, വേണു നാഗവള്ളി എന്നിവരെ പോലുള്ളവരാണ് ഈ ആശയത്തിന് തുടക്കമിട്ടത്. സംഘടനയ്ക്ക് അമ്മ എന്ന പേര് നിര്‍ദേശിച്ചത് മുരളി ആയിരുന്നു. മറ്റ് ഭാഷകളിലെ താരങ്ങള്‍ക്കും സംഘടനകള്‍ ഉണ്ടെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തിയിരുന്നില്ല. എന്നാല്‍ ഇന്ന് അവര്‍ അമ്മയുടെ പ്രവര്‍ത്തനം അനുകരിക്കുന്ന സ്ഥിതിയാണ്. ഇന്നസെന്റ് പറഞ്ഞു.

മെഗാ ഷോ കൂടാതെ ഇടയ്ക്ക് അമ്മ ട്വന്റി20 എന്ന സിനിമയും നിര്‍മിച്ചു. പടം വന്‍ഹിറ്റായി. അമ്മയ്ക്ക് വേണ്ടി നടന്‍ ദിലീപാണ് അതേറ്റെടുത്ത് നടപ്പാക്കിയത്. പടം ഹിറ്റായതോടെ അമ്മയ്ക്കും ദിലീപിനും ലാഭം കിട്ടി. മറ്റുഭാഷകളില്‍ ഈ സിനിമ എടുക്കാന്‍ പലരും കഥയുടെ അവകാശം വാങ്ങി. എന്നാല്‍ ഒരു ഭാഷയിലും അത് സാധ്യമായില്ല. റോളിന്റെ വലുപ്പത്തെ ചൊല്ലിയുള്ള നടന്‍മാര്‍ തമ്മിലുള്ള പ്രശ്‌നമാണ് കാരണം. താരങ്ങള്‍ തമ്മിലുള്ള ഈഗോ കാരണം സിനിമ സാധ്യമാകുന്നില്ല.

എന്നാല്‍ ഇവിടെ അത്തരം വിഷയങ്ങള്‍ ഒന്നുമില്ല. അമ്മയുടെ പ്രസിഡന്റായ ഞാന്‍ സിനിമയില്‍ വളരെ ചെറിയൊരു വേഷണാണ് ചെയ്തത്. അമ്മയുടെ പ്രസിഡന്റാണെന്ന് പറഞ്ഞ് വലിയ വേഷത്തിന് വാശിപിടിക്കാം. നമുക്ക് വിവേകമുള്ളതിനാല്‍ ഒരു താരവും അങ്ങനെ വാശിപിടിക്കില്ല. എല്ലാവരും ആത്മാര്‍ത്ഥമായിത്തന്നെ സിനിമയുമായി സഹകരിച്ചു. ഇന്നസെന്റ് പറഞ്ഞു.

DONT MISS
Top