ലോറി ക്ലീനറെ മര്‍ദ്ദിച്ച പൊലീസുകാരനെതിരേ നടപടി വൈകുന്നു; പ്രതിഷേധം വ്യാപകം

പൊലീസ് ലോറി ക്ലീനറെ മര്‍ദ്ദിക്കുന്ന ദൃശ്യം

കോഴിക്കോട്: റോങ് സൈഡില്‍ കൂടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ച പൊലീസ് ജീപ്പിനായി ലോറിയൊതുക്കിക്കൊടുക്കാതിരുന്നതിന്റെ പേരില്‍ ലോറി ക്ലീനറെ പൊലീസുകാരന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടി വൈകുന്നതില്‍ പ്രതിഷേധം വ്യാപകമാകുന്നു. പൊലീസുകാരന്‍ ക്ലീനറെ അസഭ്യം പറഞ്ഞ് മുഖത്തടിക്കുന്നതിന്റെയും മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിന് ദൃക്‌സാക്ഷികളായ പലരും ഇതേക്കുറിച്ച് പൊലീസിനെതിരേ പ്രതികരണം നടത്തുകയും അന്വേഷണം നടത്തിയാല്‍ മൊഴി നല്‍കാന്‍ തയാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തയാറല്ലെന്നാണ് പൊലീസ് നിലപാട്. അന്വേഷണം നടന്നാല്‍ പൊലീസുകാരനെതിരെ അച്ചടക്കനടപടി വേണ്ടിവരുമെന്നതിനാലാണ് പൊലീസ് ഇതിന് തയാറാകാത്തതെന്നാണ് ആരോപണം. അതേസമയം, സംഭവത്തെക്കുറിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറോട് ചോദിച്ചപ്പോള്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞദിവസം രാത്രിയാണ് കോഴിക്കോട് നഗരത്തില്‍ ഏറ്റവും തിരക്ക് പിടിച്ച മലാപറമ്പ് സിഗ്‌നല്‍ ജംക്ഷനില്‍ സംഭവമുണ്ടായത്. ചരക്കുമായി കണ്ണൂര്‍ ഭാഗത്ത് നിന്ന് വന്ന ലോറിയെ ഇടത് വശത്തുകൂടി മറികടക്കാന്‍ പൊലീസ് ജീപ്പ് ശ്രമിച്ചെങ്കിലും തിരക്ക് കാരണം കഴിഞ്ഞില്ല. ഇതിനിടെ സിഗ്നലില്‍ ലോറി നിര്‍ത്തിയപ്പോള്‍ ജീപ്പിലെ പൊലീസുകാരന്‍ ലോറിയുടെ കാബിനടുത്തേക്ക് എത്തുകയും താഴെയിറങ്ങിയ ക്ലീനറെ അസഭ്യം പറഞ്ഞ് മുഖത്തടിക്കുകയും പിന്നീട് മര്‍ദ്ദിക്കുകയും ചെയ്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പൊലീസുകാരന്‍ നടത്തിയ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ‘റിപ്പോര്‍ട്ടര്‍’ പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പോലീസുകാര്‍ ജനങ്ങളോട് മോശമായി പെരുമാറിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ശിക്ഷാനടപടികളുടെ ഭാഗമായി പൊലീസുകാരില്‍ പലരേയും സസ്‌പെന്‍ഡ് ചെയ്യുകയും, സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങളോട് ഇടപഴകുന്നത് സംബന്ധിച്ച് പോലീസിന് പ്രത്യേക പരിശീലനം നല്‍കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചിരുന്നു. സംസ്ഥാനത്ത് പൊലീസ് രാജ് നടപ്പാക്കാന്‍ പൊലീസുകാരെ അനുവദിക്കില്ലെന്നും ഇത്തരക്കാരായ പൊലീസുകാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ പഴയതിലും ഭയാനകമാണെന്നാണ് ചൂണ്ടിക്കാടുന്നതാണ് കോഴിക്കോട്ട് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദൃശ്യങ്ങള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top