പൊലീസ് റിക്രൂട്ട്‌മെന്റിനിടെ നെഞ്ചില്‍ ജാതി എഴുതിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു

ഫയല്‍ ചിത്രം

ദില്ലി: പൊലീസ് റിക്രൂട്ട്‌മെന്റിനിടെ ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചില്‍ ജാതി എഴുതിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മധ്യപ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കുള്ളില്‍ സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടിയുടെ വിവരങ്ങള്‍ അറിയിക്കാനും മധ്യപ്രദേശ് ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും അയച്ച നോട്ടീസില്‍ കമ്മീഷന്‍ വ്യക്തമാക്കി.

മധ്യപ്രദേശില്‍ പൊലീസ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി ശാരീരിക ക്ഷമതാ പരീക്ഷയ്ക്ക് എത്തിയ ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചില്‍ ജാതിതിരിച്ച് മുദ്രകുത്തിയത് ഏറെ വിവാദമായിരുന്നു. പുതുതായി ജോലിയില്‍ പ്രവേശിച്ച മുന്നൂറോളം കോണ്‍സ്റ്റബിള്‍മാരാണ് കഴിഞ്ഞ ബുധനാഴ്ച വൈദ്യ പരിശോധനയ്ക്കായി ധര്‍ ജില്ലാ ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്കിടെ ഉദ്യോഗാര്‍ത്ഥികളെ തിരിച്ചറിയുന്നതിനായി ഓരോരുത്തരുടെയും നെഞ്ചില്‍ എസ്‌സി, എസ്ടി, ഒബിസി എന്നിങ്ങനെ രേഖപ്പെടുത്തുകയായിരുന്നു.

കോണ്‍സ്റ്റബിള്‍മാരുടെ എണ്ണം വളരെക്കൂടുതലായതിനാല്‍ സൗകര്യത്തിന് വേണ്ടി ചെയ്താണെന്നായിരുന്നു ധര്‍ പൊലീസ് സൂപ്രണ്ട് വീരേന്ദ്രസിങിന്റെ പ്രതികരണം. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നെഞ്ചിലും ഉയരത്തിലും സംവരണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്തരം നടപടിയുണ്ടായതെന്നും അധികൃതര്‍ വിശദീകരിച്ചു.

DONT MISS
Top