റോള്‍ ഏതായാലും ചിരിച്ചു മരിക്കാനാണ് കാണികളുടെ വിധി; ഏതു നിലയ്ക്ക് നോക്കിയാലും സംഘപരിവാറിന്റെ പുതിയ ആക്ഷന്‍ ഹീറോയാണ് ത്രിപുര മുഖ്യമന്ത്രിയെന്നും തോമസ് ഐസക്

കൊച്ചി: ഏതു നിലയ്ക്ക് നോക്കിയാലും സംഘപരിവാറിന്റെ പുതിയ ആക്ഷന്‍ ഹീറോയാണ് ത്രിപുര മുഖ്യമന്ത്രിയെന്ന് ധനമന്ത്രി തോമസ് ഐസക്. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ വിവാദ പ്രസ്താവനള്‍ എണ്ണിപ്പറഞ്ഞ ഐസക്, സംഘപരിവാര്‍ ആശയങ്ങളെ സര്‍ഗാത്മകമായി നവീകരിക്കാന്‍ ശേഷിയുള്ള ഒരു യുവനേതാവിനെ ട്രോളരുതെന്നും പരിഹസിച്ചു. ചിലരൊക്കെ കരുതുന്നതുപോലെ ഒരു പരിഹാസ കഥാപാത്രമോ സാധാരണ സംഘപരിവാര്‍ നേതാവോ അല്ല, മറിച്ച് മഹാഭാരതത്തെയും രാമായണത്തെയും ചൂണ്ടി ബിജെപി നേതാക്കള്‍ ഇന്നേവരെ നടത്തിയിട്ടുള്ള ”തള്ളു’കളെ മറ്റൊരു തലത്തിലേയ്ക്ക് ഉയര്‍ത്താന്‍ ശേഷിയുള്ള ക്രാന്തദര്‍ശിയാണദ്ദേഹമെന്നും ഐസ്‌ക് ഫെയ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

‘വിമര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നവരുടെ നഖം വെട്ടും’. അതാണ് പുതിയ ഭീഷണി. മുഴക്കുന്നത് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ്. വിമര്‍ശനത്തിലൂടെയും പരിഹാസത്തിലൂടെയും സര്‍ക്കാരിന് ഹാനിവരുത്താന്‍ ശ്രമിക്കുന്ന നഖങ്ങള്‍ ചീന്തി കളയാനും താന്‍ മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.

ഏതു നിലയ്ക്ക് നോക്കിയാലും സംഘപരിവാറിന്റെ പുതിയ ആക്ഷന്‍ ഹീറോയാണ് ത്രിപുര മുഖ്യമന്ത്രി. ഹാസ്യവും രൗദ്രവും ഒരുപോലെ വഴങ്ങുന്ന പ്രതിഭ. എന്നാല്‍, റോള്‍ ഏതായാലും ചിരിച്ചു മരിക്കാനാണ് കാണികളുടെ വിധി. നഖം വെട്ടുമെന്ന ഭീഷണിയും പതിവുപോലെ ട്രോളര്‍മാര്‍ക്കു ചാകരയാകാനാണ് സാധ്യത.

ചിലരൊക്കെ കരുതുന്നതുപോലെ ഒരു പരിഹാസ കഥാപാത്രമോ സാധാരണ സംഘപരിവാര്‍ നേതാവോ അല്ല അദ്ദേഹം. മഹാഭാരതത്തെയും രാമായണത്തെയും ചൂണ്ടി ബിജെപി നേതാക്കള്‍ ഇന്നേവരെ നടത്തിയിട്ടുള്ള ”തള്ളു’കളെ മറ്റൊരു തലത്തിലേയ്ക്ക് ഉയര്‍ത്താന്‍ ശേഷിയുള്ള ക്രാന്തദര്‍ശിയാണദ്ദേഹം. ആ നിലയ്ക്കുള്ള അംഗീകാരം സംഘപരിവാറില്‍ നിന്നുപോലും അദ്ദേഹത്തിനു കിട്ടുന്നില്ല. ആര്‍ക്കായാലും അരിശം വരും.

ഉദാഹരണത്തിന്, ആറ്റം ബോംബ്, ആണവ മിസൈല്‍, ടെസ്റ്റ് ട്യൂബ് ശിശു തുടങ്ങിയ ശാസ്ത്രമുന്നേറ്റങ്ങളുടെ കാര്യമെടുക്കൂ. ഇതൊക്കെ പൗരാണികര്‍ പണ്ടേയ്ക്കു പണ്ടേ കണ്ടുപിടിച്ചതാണെന്ന് വാദിക്കുന്ന സംഘപരിവാറുകാര്‍ നമുക്കു ചുറ്റും ധാരാളമുണ്ട്. എന്നാല്‍, സാങ്കേതികവിദ്യ പിന്നെയും വളര്‍ന്നെങ്കിലും, അതനുസരിച്ച് ”തള്ളു” വളര്‍ന്നിട്ടില്ല. സ്തംഭിച്ചു നില്‍ക്കുകയായിരുന്ന ആ ”തള്ളി’ന് ആവേശകരമായ ഒരുന്തു കൊടുത്തത് ഈയിടെ നമ്മുടെ ത്രിപുര മുഖ്യമന്ത്രിയാണ്.

മഹാഭാരതകാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് സഞ്ജയന് കുരുക്ഷേത്ര യുദ്ധം ലൈവായി ധൃതരാഷ്ട്രര്‍ക്ക് റിപ്പോര്‍ട്ടു ചെയ്യാനായതെന്നുമുള്ള പ്രസ്താവന വഴി ഫോര്‍ ജി നെറ്റ് കണക്ഷന്‍ വരെയുള്ള സാങ്കേതിക വളര്‍ച്ചയുടെ കാര്യത്തില്‍ അദ്ദേഹം ഒരു തീരുമാനമുണ്ടാക്കി. സംഘപരിവാര്‍ തള്ളുകളെ സമകാലികമാക്കുകയായിരുന്നു അദ്ദേഹം. ഇനി എണ്ണപ്പെട്ട ഏതെങ്കിലും പുതിയൊരു കണ്ടുപിടിത്തം വരുന്നതുവരെ പുരാണപുസ്തകങ്ങള്‍ അട്ടത്തുവെച്ച് റെസ്റ്റെടുക്കാം. നാരദമുനിയുടെ കൈവശം ഗൂഗിളിന്റെ ആദിരൂപമുണ്ടായിരുന്നു എന്ന ഭാവനയ്ക്ക് തീ കൊളുത്തിയതും ബിപ്ലവ് ദേവല്ലാതെ മറ്റാരാണ്? അങ്ങനെയൊരാളെ പരിഹസിക്കുന്നത് പാപമല്ലേ?

സിവില്‍ സര്‍വീസില്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍മാര്‍ക്കെന്തു കാര്യം എന്ന ചിന്തയും പ്രഥമദൃഷ്ടിയില്‍ മണ്ടത്തരമായാണ് സ്വീകരിക്കപ്പെട്ടത്. എന്നാല്‍ വര്‍ണാശ്രമധര്‍മ്മത്തെ ലളിതമായ ഒരുദാഹരണം കൊണ്ട് വിശദീകരിക്കുകയായിരുന്നു എന്ന വസ്തുത എത്രപേര്‍ക്കറിയാം? ഓരോരുത്തര്‍ക്കും ഓരോ ധര്‍മ്മമുണ്ട്, അതാണവര്‍ അനുഷ്ഠിക്കേണ്ടത് എന്ന് ലളിതമായി വിശദീകരിക്കുകയായിരുന്നില്ലേ അദ്ദേഹം. ആ പൊരുള്‍ തിരിയാത്തവരല്ലേ അദ്ദേഹത്തെ പരിഹസിച്ചത്?

യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്ക് കാത്തിരിക്കാതെ പശുവിനെ കറക്കാനിറങ്ങണം എന്ന പ്രസ്താവനയിലും കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന ക്രാന്തദര്‍ശിത്വമാണ് സ്ഫുരിക്കുന്നത്. പശുക്കറവ അതിവിപുലമായ ഒരു തൊഴില്‍ത്തുറയായി വികസിച്ചു വന്നാല്‍, പ്രാഥമിക വിദ്യാഭ്യാസത്തിന്റെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും ഭീമമായ ചെലവ് സര്‍ക്കാരിനു ലാഭിക്കാം. നോക്കുന്നിടത്തെല്ലാം പശു, ജനിക്കുന്നവരെല്ലാം കറവക്കാര്‍. എത്ര ഉദാത്തമായ ലക്ഷ്യം!

നിലവില്‍ സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്ക് ഒരു മണിക്കൂര്‍ നിര്‍ബന്ധിത പശുക്കറവ ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം പിന്നാലെ വരുമായിരിക്കും. നിര്‍ബന്ധിത സൈനിക സേവനം എന്ന മുറവിളി ഏറെ നാളായി അന്തരീക്ഷത്തിലുണ്ട്. അതിനേക്കാള്‍ എന്തുകൊണ്ടും പാവനമായ ലക്ഷ്യമായിരിക്കും, ”എല്ലാ ഇന്ത്യാക്കാര്‍ക്കും നിര്‍ബന്ധിത പശുക്കറവ” എന്ന ആശയം. ഒരുപക്ഷേ, അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മാനിഫെസ്റ്റോയില്‍ ഒന്നാമതായി ഇടംപിടിച്ചേക്കാവുന്ന മുദ്രാവാക്യം.

ഇത്തരത്തില്‍ സംഘപരിവാര്‍ ആശയങ്ങളെ സര്‍ഗാത്മകമായി നവീകരിക്കാന്‍ ശേഷിയുള്ള ഒരു യുവ നേതാവിനെ ട്രോളരുത്. പരിഹസിക്കരുത്. നഖം ചീന്തല്‍ എന്ന കൊടിയ ശിക്ഷ ലഭിക്കാവുന്ന കൊടുംപാപമാണത്, ഐസക് കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top