സര്‍ക്കാരിനെ പരിഹസിക്കുന്നവരുടെ നഖം വെട്ടും; ഭീഷണിയുമായി ബിപ്ലബ് ദേബ്

ബിപ്ലബ് ദേബ്

ദില്ലി: അബദ്ധ പ്രസ്താവനകള്‍ നടത്തി മാധ്യമങ്ങളില്‍ ഇടം നേടിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് വീണ്ടും വിവാദ പ്രസ്താവന നടത്തിയിരിക്കുകയാണ്. തന്റെ സര്‍ക്കാരിനെ പരിഹസിക്കുന്നവരുടെയും അനാവശ്യമായി ഇടപെടുകയും ചെയ്യുന്നവരുടെയും നഖം വെട്ടും എന്നതാണ് ബിപ്ലബ് ദേബിന്റെ പുതിയ പരാമര്‍ശം.

തന്റെ സര്‍ക്കാരിനെ പാവക്കയുമായി ഉപമിച്ചായിരുന്നു ബിപ്ലബ് കുമാര്‍ ഭീഷണി മുഴക്കിയത്. രാവിലെ എട്ടുമണിയോടെ പച്ചക്കറിക്കടക്കാരന്‍ പാവയ്ക്ക മാര്‍ക്കറ്റുകളില്‍ എത്തിക്കും. ഒന്‍പത് മണിയാകുമ്പോഴേക്കും സാധനം വാങ്ങാന്‍ വരുന്നവരുടെ കൈയിലെ നഖം കൊണ്ട് പാവയ്ക്ക വാടും. എന്നാല്‍ തന്റെ സര്‍ക്കാര്‍ ആ അവസ്ഥയിലാകാന്‍ അനുവദിക്കില്ലെന്നാണ് ബിപ്ലബ് ദേബ് പറഞ്ഞത്.

സര്‍ക്കാരിന്റെ കാര്യങ്ങളില്‍ അനാവശ്യമായി ആരെയും ഇടപെടാന്‍ അനുവദിക്കില്ല. സര്‍ക്കാരിന്റെ മേല്‍ തൊടാനും ആരെയും അനുവദിക്കില്ല. അങ്ങനെ ചെയ്യുന്നവരുടെ നഖം വെട്ടുമെന്ന മുന്നറിയിപ്പും ബിപ്ലബ് ദേബ് നല്‍കി.

തുടര്‍ച്ചയായി അബദ്ധ പ്രസ്താവനകള്‍ നടത്തിയതിനെ തുടര്‍ന്ന് ബിപ്ലബ് ദേവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ ദില്ലിയില്‍ മേയ് രണ്ടിന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബിനെ പ്രധാനമന്ത്രി ക്ഷണിച്ചതാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്.

DONT MISS
Top