സൗദിയില്‍ രാത്രി ഒമ്പത് മണിക്ക് കടകളടക്കണം; പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത; നിയമം ഇതുവരെ നിലവില്‍ വന്നിട്ടില്ലെന്ന് സൗദി തൊഴില്‍ സാമൂഹിക മന്ത്രാലയം

സൗദിയില്‍ രാത്രി ഒമ്പത് മണിക്ക് കടയടക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നുവെന്ന പ്രചരണത്തില്‍ പ്രതികരണവുമായി സൗദി തൊഴില്‍ സാമൂഹിക മന്ത്രാലയം. തീരുമാനം ഇതുവരെ കൈകൊണ്ടിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധമായി സാമൂഹിക മാധ്യമങ്ങളിലെ പ്രചരണങ്ങള്‍ക്കുള്ള മറുപടിയിലാണ് മന്ത്രാലയം വൃക്തത അറിയിച്ചത്. ഒമ്പത് മണിക്ക് കട അടക്കുന്നതുമായി ബന്ധപ്പെട്ട വിഷയം മന്ത്രാലയം പഠിച്ചുവരികയാണ്.

സൗദിയിലെ വ്യാപാര സ്ഥാപനങ്ങള്‍ ഒമ്പത് മണിക്ക് മുമ്പ് അടക്കണമെന്ന നിയമം നിലവില്‍ വന്നുവെന്നാണ് സാമുഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ വഴി പ്രചരിക്കുന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ട സൗദി തൊഴില്‍ സാമുഹിക മന്ത്രാലയം, പ്രചരിക്കുന്ന വാര്‍ത്തയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു. നിയമം ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നും, ഈ വിഷയത്തില്‍ വിവിധ വശങ്ങള്‍ പഠിച്ചുവരികയാണെന്നും മന്ത്രാലയം വൃക്തമാക്കി.

സാധാരണയായി സൗദി സമയം രാത്രി പതിനൊന്ന്, പന്ത്രണ്ട് മണിവരെയാണ് സൗദിയിലെ മിക്ക വ്യാപാര സ്ഥാപനങ്ങളും പ്രവൃത്തിച്ചുവരാറുള്ളത്. വിവിധ പ്രവിശ്യകളില്‍ സ്ഥാപനങ്ങളുടെ സമയ ക്രമത്തില്‍ ചില മാറ്റങ്ങളുമുണ്ടാവാറുണ്ട്. രാത്രിയില്‍ ദീര്‍ഘ സമയം പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കി രാത്രി ഒമ്പതുമണിയോടെ വ്യാപാര സ്ഥാപനങ്ങള്‍ അടക്കുന്നത് ഉചിതമായിരിക്കുമെന്ന അഭിപ്രായം ഒന്ന് രണ്ട് വര്‍ഷംമുമ്പേ മന്ത്രാലയത്തിന്റെ പരിഗണനയില്‍ ഉണ്ട്. വിവിധ വകുപ്പുകളും ഏജന്‍സികളുമായി സഹകരിച്ച് ഇത് സംബന്ധമായി മന്ത്രാലയം പഠനം നടത്തിവരികയുമാണ്.

നേരത്തെ കടകളടച്ചാലുള്ള നേട്ടങ്ങളെ കുറിച്ചും കോട്ടങ്ങളെ കുറിച്ചും ഗഹനമായ പഠനമാണ് മന്ത്രാലയം നടത്തിവരുന്നത്. എല്ലാ വശങ്ങളും പഠിച്ച ശേഷം മാത്രമെ 9 മണിക്ക് കടയടക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുകയുള്ളു എന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയകള്‍ വഴി അനൗദ്യോഗീകമായി പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കുകയൊ പ്രചിപ്പിക്കയൊ ചെയ്യരുതെന്നും സൗദി തൊഴില്‍ സാമൂഹിക മന്ത്രാലയം അര്‍ഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

DONT MISS
Top