വാട്ട്സ്ആപ്പ് ഹര്‍ത്താല്‍: അക്രമങ്ങളെ കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി

പികെ കൃഷ്ണദാസ്

കോഴിക്കോട്: സോഷ്യല്‍ മീഡിയാ ഹര്‍ത്താലിനെതിരെ ബിജെപി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയങ്ങള്‍ എന്‍ഐഎ ഏറ്റെടുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. വരാപ്പുഴ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുക, കോടഞ്ചേരി ജോത്സ്‌നക്ക് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ ദിവസങ്ങളില്‍ മാര്‍ച്ച് നടത്താനും ബിജെപി തീരുമാനിച്ചു.

സോഷ്യല്‍ മീഡിയാ ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമസംഭവങ്ങള്‍ക്കെതിരെ ആദ്യദിനം തന്നെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാനാണ് ഇത്തരം ആഹ്വാനങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് മുതിര്‍ന്ന നേതാക്കളടക്കം പ്രതികരിച്ചു. എന്നാല്‍ അന്ന് പ്രതിസ്ഥാനത്ത് എസ്ഡിപിഐയായിരുന്നു. പീന്നീട് നടന്ന അന്വേഷണത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് മുന്‍പ് ആര്‍എസ്എസുമായി ബന്ധമുള്ളവരാണെന്ന് കണ്ടത്തിയതോടെ ബിജെപി വെട്ടിലായി. ഇതോടെയാണ് അക്രമങ്ങളുടെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയത്. ഈ ആവശ്യം ഉന്നയിച്ച് മെയ് അഞ്ചിന് മലപ്പുറം ആലത്തിയൂരില്‍ നിന്നും താനൂരിലേക്ക് ബിജെപി മാര്‍ച്ച് നടത്തും. ബിജെപി സംസ്ഥാനഅധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

ഇതിന് പുറമെ വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങാനും ബിജെപി തീരുമാനിച്ചു. മെയ് ഏഴ്, എട്ട് തീയതികളില്‍ അട്ടപ്പാടിയില്‍ നിന്നും വരാപ്പുഴയിലേക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. കൂടാതെ കോഴിക്കോട് കോടഞ്ചേരിയില്‍ ഗര്‍ഭസ്ഥ ശിശുമരിച്ച സംഭവത്തില്‍ ജോത്സ്‌നക്ക് നീതി ആവശ്യപ്പെട്ട് മെയ് മൂന്നിന് താമരശ്ശേരി മുതല്‍ കോഴിക്കോട് വരെ ലോങ്ങ് മാര്‍ച്ച് നടത്താനും ബിജെപി തീരുമാനിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നേതൃത്വം നല്‍കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top