‘ബീഫ് കറി എളുപ്പത്തില്‍ ഉണ്ടാക്കുന്ന വിധം’ കശാപ്പ് ചെയ്യുന്നവരെ വെട്ടിക്കൊല്ലണമെന്ന് ആഹ്വാനം ചെയ്ത സ്വാധി സരസ്വതിയുടെ പേജില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തി മലയാളികള്‍

കേരളത്തില്‍ ലൗ ജിഹാദുമായെത്തുന്നവരുടെയും കന്നുകാലി കശാപ്പുകാരുടെയും കഴുത്തുവെട്ടണമെന്ന് ആഹ്വാനം ചെയ്ത വിശ്വഹിന്ദു പരിഷത്ത് നേതാവ് സ്വാധി സരസ്വതിയ്ക്ക് നേരെ പ്രതിഷേധം ശക്തമാകുന്നു. സ്വാധി സരസ്വതിയ്‌ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ മലയാളികളുടെ വക ബീഫ് പൊങ്കാലയും.

സ്വാധിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ബീഫ് വിഭവങ്ങളുടെ പേരും പ്രത്യേകതകളും പരിചയപ്പെടുത്തികൊണ്ടുള്ള കമന്റുകളാണ് മലയാളികള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലുമാണ് കമന്റുകള്‍. സ്വാധി പോസ്റ്റ് ചെയ്ത സമ്മേളന ചിത്രങ്ങള്‍ക്ക് താഴെയാണ് കമന്റുകള്‍ നിറയുന്നത്.

മലയാളികളുടെ ഇഷ്ടവിഭവമായ പൊറോട്ടയും ബീഫും കഴിക്കേണ്ട വിധവും ബീഫ് കറിയ്ക്ക് വേണ്ട ചേരുവകളടക്കം കമന്റുകളില്‍ നിറയുന്നുണ്ട്. ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, എംടി രമേശ് എന്നിവര്‍ ബീഫ് കഴിയ്ക്കുന്ന ചിത്രങ്ങളുള്‍പ്പെടെ പോസ്റ്റ് ചെയ്തുകൊണ്ടാണ് ചിലര്‍ കമന്റുകളിട്ടിരിക്കുന്നത്.

ഫെയ്സ്ബുക്കിലെ ചില കമന്റുകള്‍,

വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയല്‍ പ്രസംഗിച്ചതിനും മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സ്വാധിയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

കേരളത്തില്‍ ലൗ ജിഹാദുമായെത്തുന്നവരുടെ കഴുത്തുവെട്ടണമെന്നും പശുവിനെ കൊല്ലുന്നവരെ ജനമധ്യത്തില്‍ കഴുത്തറക്കണമെന്നുമായിരുന്ന സ്വാധി ബാലിക സരസ്വതിയുടെ പ്രസംഗം. കാസര്‍ഗോഡ് ബദിയടുക്കയില്‍ നടന്ന വിഎച്ച്പി ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സ്വാധി വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. പരമാര്‍ശത്തില്‍ സ്വാധിക്കെതിരെ കേസെടുക്കാന്‍ വൈകുന്നതില്‍ വന്‍പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഒരു ലക്ഷം രൂപ വരെ മുടക്കി മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരാണ് നമ്മള്‍. എന്നാല്‍ ആയിരം രൂപ മുടക്കി ഒരു വാള്‍കൂടി വാങ്ങി തങ്ങളുടെ സഹോദരിമാര്‍ക്ക് സമ്മാനിക്കുക. ലൗ ജിഹാദികളെ ഇതുപയോഗിച്ച് വേണം കൊല്ലാനെന്നും സ്വാധി സരസ്വതി അഭിപ്രായപ്പെട്ടിരുന്നു.

പശുവിനെ കൊല്ലുന്നവരെയും ജനമധ്യത്തില്‍ കഴുത്തറക്കണമെന്ന് അവര്‍ പറഞ്ഞു. പശുവിനെ ഗോമാതാവായി കാണുന്നവരല്ലേ നിങ്ങള്‍. അമ്മയെ അറവ് ശാലയിലേക്ക് അയക്കുമോ, അതുകൊണ്ട് തന്നെ ഗോമാതാവിനെ കശാപ്പ് ചെയ്യുന്നവരെയും അതേ വാളുപയോഗിച്ച് വെട്ടണമെന്നും അവര്‍ പ്രസംഗിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top