അഴിമതികള്‍ ചൂണ്ടിക്കാണിക്കാന്‍ ഇനി ഒരു വിസിലടി; കമല്‍ഹാസന്റെ മയ്യം വിസില്‍ ആപ്പ് പുറത്തിറങ്ങി

ചെന്നൈ: അഴിമതികള്‍ കണ്ടെത്താനും അവ പരിഹരിക്കാനും ഇനിമുതല്‍ ഒരു മൊബൈല്‍ ആപ്പ്. നടനും മക്കള്‍നീതിമയ്യം നേതാവുമായ കമല്‍ഹാസനാണ് മയ്യം ആപ്പ് എന്ന പേരില്‍ പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്.

പ്രാദേശിക വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കുക, അഴിമതിക്കെതിരെ പ്രതികരിക്കുക എന്നിവയാണ് മയ്യം വിസിലിന്റെ ലക്ഷ്യമെന്ന് കമല്‍ഹാസന്‍ പറയുന്നു. നിലവില്‍ പാര്‍ട്ടി അംഗത്വമുള്ളവര്‍ക്ക് മാത്രമാണ് ആപ്പ് ഉപയോഗിക്കാന്‍ കഴിയുക.

അതേസമയം ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന ആര്‍ക്കും ആപ്പ് ഉപയോഗിച്ച് പാര്‍ട്ടി അംഗത്വം നേടാനാകും പിന്നീട് അഴിമതികള്‍ ചൂണ്ടിക്കാട്ടുന്നതിന് മയ്യം വിസില്‍ ഉപയോഗിക്കുകയും ചെയ്യാം.

അഴിമതികളും പരിഹരിക്കപ്പെടേണ്ട മറ്റ് പ്രശ്‌നങ്ങളും നിരവധിയുണ്ടെങ്കിലും മയ്യം വിസില്‍ ഇവയ്‌ക്കെല്ലാം ഉടനടി പരിഹാരം കാണാനുള്ള മാര്‍ഗ്ഗമല്ലെന്നും മറിച്ച് പ്രശ്‌നങ്ങള്‍ യഥാസമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്കെത്തിക്കാനുള്ള മാര്‍ഗ്ഗമാണെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. പൊലീസിനും സര്‍ക്കാരിനും പകരമല്ല ആപ്പെന്നും അതേസമയം അവരെ സഹായിക്കാനും വിമര്‍ശിക്കാനും ആപ്പിന്റെ സേവനം ഉപയോഗിക്കാമെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു പ്രശ്‌നം ബന്ധപ്പെട്ടവരിലേക്കെത്തിച്ചതിനു ശേഷം അവര്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്ന മാധ്യമം കൂടിയായിരിക്കും മയ്യം വിസില്‍ ആപ്പ്. അന്തരീക്ഷമലിനീകരണം, പ്രദേശത്ത് നടക്കുന്ന കുറ്റകൃത്യങ്ങള്‍, അഴിമതി തുടങ്ങിയ വിഷയങ്ങളെല്ലാം ആപ്പ് വഴി സമൂഹത്തിന് മുന്നിലെത്തിക്കാം.

DONT MISS
Top