കര്‍ണാടകയില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ല; ദേവഗൗഡ കിംഗ് മേക്കറാകും, കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി: എന്‍ഡിടിവി സര്‍വെ

സിദ്ധരാമയ്യ, യെദ്യൂരപ്പ

ദില്ലി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്ന് എന്‍ഡിടിവി സര്‍വെ. ഒരുപാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും എന്നാല്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും സര്‍വെ പറയുന്നു. ഈ സാഹചര്യത്തില്‍ മന്ത്രിസഭാ രൂപീകരണത്തില്‍ എച്ച്ഡി ദേവഗൗഡയുടെ ജനതാദള്‍ എസ് നിര്‍ണായക ഘടകമാകുമെന്ന് സര്‍വെ വ്യക്തമാക്കുന്നു.

224 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 113 അംഗങ്ങളാണ് വേണ്ടത്. എന്നാല്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് നിലവിലെ സാഹചര്യത്തില്‍ 94 സീറ്റുകള്‍ വരെ മാത്രമെ ലഭിക്കുകയുള്ളൂവെന്ന് സര്‍വെ സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് മാസക്കാലയളവില്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിലത്തെ സ്ഥിതിയാണിത്. ജനുവരിയില്‍ നടത്തിയ സര്‍വെയില്‍ ഇത് 95 സീറ്റുകളായിരുന്നു. ബിജെപിക്ക് നിലവില്‍ 86 സീറ്റുകള്‍ വരെ ലഭിക്കും. ജനുവരിയിലെ സര്‍വെയില്‍ ബിജെപിക്ക് പ്രവചിച്ചിരുന്നത് 94 സീറ്റുകളായിരുന്നു. ജെഡിഎസിന് നിലവില്‍ 39 സീറ്റുകള്‍ വരെ ലഭിക്കാം. ജനുവരിയില്‍ ഇത് 30 ആയിരുന്നു. മറ്റുള്ളവര്‍ക്ക് അഞ്ച് സീറ്റുകള്‍ ലഭിക്കും.

കഴിഞ്ഞ തവണത്തെ അതേ വോട്ടിംഗ് ശതമാനം നിലനിര്‍ത്താനായാല്‍ ബിജെപിക്ക് 87 സീറ്റുകള്‍ ലഭിക്കും. വോട്ടിംഗില്‍ ഒരു ശതമാനം വര്‍ധന ഉണ്ടായാല്‍ സീറ്റുകളുടെ എണ്ണം 92 ഉം രണ്ട് ശതമാനം വര്‍ധന ഉണ്ടായാല്‍ 103 ഉം മൂന്ന് ശതമാനം വര്‍ധന ഉണ്ടായാല്‍ 107 ഉം നാല് ശതമാനം വര്‍ധന ഉണ്ടായാല്‍ 112 ഉം ആകും. അതായത് ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ നാല് ശതമാനം അധികം വോട്ട് ലഭിച്ചാല്‍ മാത്രമെ കേവലഭൂരിപക്ഷം ലഭിക്കുകയുള്ളൂ.

കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തെ വോട്ടിംഗ് ശതമാനം നിലനിര്‍ത്തിയാല്‍ 92 സീറ്റുകള്‍ നേടും. ഒരു ശതമാനം വര്‍ധന ഉണ്ടായാല്‍ 98 ഉം രണ്ട് ശതമാനം വര്‍ധന ഉണ്ടായാല്‍ 110 ഉം മൂന്ന് ശതമാനം വര്‍ധന ഉണ്ടായാല്‍ 114 ഉം സീറ്റുകള്‍ ലഭിക്കും.

DONT MISS
Top