വിവാദപ്രസ്താവനകള്‍ക്ക് അറുതിയില്ല, ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ പ്രധാനമന്ത്രി വിളിപ്പിച്ചു

ബിപ്ലബ് ദേവ്

ദില്ലി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിക്ക് വിളിപ്പിച്ചു. തുടര്‍ച്ചയായ അസംബന്ധ പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും അത് പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബിപ്ലബിനെ മോദി വിളിപ്പിച്ചിരിക്കുന്നത്.

മെയ് രണ്ടിന് ദില്ലിയിലെത്തി പ്രധാനമന്ത്രിയെയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും കാണാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് വ്യക്തമാക്കി.

ത്രിപുരയുടെ ചരിത്രത്തില്‍ ആദമായാണ് ബിജെപി ഭരണം പിടിക്കുന്നത്. എന്നാല്‍ അധികാരത്തിലെത്തി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തുടര്‍ച്ചയായി വിവാദപ്രസ്താവനകള്‍ നടത്തി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ബിപ്ലബ്. ബിപ്ലബിന്റെ പ്രസ്താവനകളെല്ലാം വന്‍വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തുകയും ചെയ്തു. മാര്‍ച്ച് 15 നാണ് ബിപ്ലബ് ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

മഹാഭാരത കാലഘട്ടത്തിലും ഇന്റര്‍നെറ്റ് സംവിധാനം നിലനിന്നിരുന്നു എന്ന് പറഞ്ഞുകൊണ്ടായികുന്നു ബിപ്ലബ് വിവാദപ്രസ്താവനകള്‍ക്ക് തുടക്കമിട്ടത്. ഇതിനെതിരെ പരിഹാസങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നെങ്കിലും അദ്ദേഹം തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുകയും അത് ആവര്‍ത്തിക്കുകയും ചെയ്തു. മുന്‍ലോക സുന്ദരി ഡയാന ഹെയ്ഡനെ അധിക്ഷേപിച്ചും അദ്ദേഹം രംഗത്തെത്തി. ഡയാനയ്ക്ക് ഇന്ത്യന്‍ സൗന്ദര്യം ഇല്ലെന്നായിരുന്നു കണ്ടെത്തല്‍. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ മാപ്പ് പറഞ്ഞ് തടിയൂരി.

പിന്നീട് സിവില്‍ എഞ്ചിനീയര്‍മാരാണ് സിവില്‍ സര്‍വീസ് പാസാകേണ്ടതെന്നായിരുന്നു പ്രസ്തവന. ഏറ്റവും ഒടുവില്‍ യുവാക്കള്‍ സര്‍ക്കാര്‍ ജോലി നോക്കി ഇരിക്കരുതെന്നും പശുവളര്‍ത്തലോ മുറുക്കാന്‍ കടയോ തുടങ്ങണമെന്നും അദ്ദേഹം ഉപദേശിച്ചു.

നേതാക്കന്‍മാരുടെ പ്രസ്താവന ശല്യമായി മാറിയതോടെ ഇനിയാരും വാ തുറക്കരുതെന്ന് മോദി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും ഒരു നേതാവും മുഖവിലയ്‌ക്കെടുത്തിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top