ബിഡിജെഎസിന്റെ നൂറു ശതമാനം വോട്ടുകളും ബിജെപിയ്ക്ക് ലഭിക്കുമെന്ന് പിഎസ് ശ്രീധരന്‍പിള്ള

ആലപ്പുഴ: ബിഡിജെഎസ് കൂടെ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ആശങ്കയില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍പിള്ള. ബിഡിജെഎസിന്റെ നൂറു ശതമാനം വോട്ടുകളും ബിജെപിയ്ക്ക് ലഭിക്കുമെന്നും ശ്രീധരന്‍പിള്ള ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്‍ഡിഎയില്‍നിന്ന് വ്യത്യസ്തമായി ഒരു സമീപനം അവര്‍ സ്വീകരിക്കുന്നില്ല. എന്‍ഡിഎയ്ക്ക് അനുകൂലമായ നിലപാടില്‍ അവര്‍ ഉറച്ച് നില്‍ക്കുകയാണെന്നും ശ്രീധരന്‍പിള്ള പറയുന്നു.

ചെങ്ങന്നൂരില്‍ ബിഡിജെഎസിന്റെ മുഴുവന്‍ വോട്ടുകളും തങ്ങള്‍ക്ക് ലഭിക്കുമെന്ന കാര്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള നിസ്സഹകരണം തുടരാന്‍ ബിഡിജെഎസ് തീരുമാനം വന്നതിന് തൊട്ടുപിന്നാലെയാണ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രയോഗിക്കാണ് ബിഡിജെഎസിന്റെ ശ്രമം. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിലവിലെ നിസ്സഹകരണം തുടരാനാണ് ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ ഇന്ന് തീരുമാനിച്ചത്. ബിജെപി കേന്ദ്രനേതാക്കള്‍ കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ പ്രശ്‌നപരിഹാരത്തിന് രണ്ടാഴ്ച കൂടി സമയം നല്‍കാനാണ് ചെങ്ങന്നൂരില്‍ ചേര്‍ന്ന ബിഡിജെഎസ് സംസ്ഥാനകൗണ്‍സിലില്‍ തീരുമാനമായത്. അതുവരെ ബിജെപി സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ബിഡിജെഎസ് പങ്കെടുക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

DONT MISS
Top