ഭീകരവാദത്തിനെതിരെ സംയുക്ത സൈനിക അഭ്യാസത്തിനൊരുങ്ങി ഇന്ത്യയും പാകിസ്താനും; സ്വാതന്ത്ര്യത്തിന് ശേഷം ആദ്യം

ഫയല്‍ചിത്രം

ദില്ലി: ഭീകരവാദത്തിനെതിരായി നടക്കുന്ന ബഹുരാഷ്ട്ര സൈനിക അഭ്യാസത്തില്‍ ഇന്ത്യയും പാകിസ്താനും പങ്കുചേരും. സെപ്തംബറില്‍ റഷ്യയില്‍ വച്ച് നടക്കുന്ന സൈനിക അഭ്യാസത്തിലാണ് ഇന്ത്യയും പാകിസ്താനും പങ്കെടുക്കുക. ചൈന മുന്‍കൈയെടുത്ത് നടത്തുന്ന സൈനികാഭ്യാസത്തിന് ചുമതല വഹിക്കുന്നത് ഷാങ്ഹായി കോപ്പറേഷന്‍ ഓര്‍ഗനൈസേഷനാണ് [എസ്‌സിഒ].

കഴിഞ്ഞ ആഴ്ചയില്‍ ബെയ്ജിംഗില്‍ നടന്ന എസ്‌സിഒ അംഗ രാജ്യങ്ങളുടെ കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ പ്രാതിനിധ്യം പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ഉറപ്പ് നല്‍കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയിലെ ഉറാല്‍ മലനിരകളില്‍ നടക്കുന്ന അഭ്യാസത്തില്‍ എസ്‌സിഒ അംഗങ്ങളായ ഇന്ത്യയ്ക്കും പാകിസ്താനും പുറമെ ചൈന, റഷ്യ, ഖസാക്കിസ്ഥാന്‍, തജിക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തുടങ്ങി എട്ട് രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്.

2001ലാണ്  ഷാങ്ഹായി കോപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ നിലവില്‍ വരുന്നത്. 2005 മുതല്‍ സംഘടനയില്‍ നിരീക്ഷകരായിരുന്ന ഇന്ത്യയും പാകിസ്താനും കഴിഞ്ഞ വര്‍ഷമാണ് മുഴുവന്‍ സമയ അംഗങ്ങളാകുന്നത്.

അതിര്‍ത്തിയിലെ ഭീകരവാദം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണ് സൈനിക അഭ്യാസം നടത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്താനും സംയുക്തമായി ഒരു സൈനിക അഭ്യാസത്തില്‍ പങ്കുചേരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top