മുംബൈയ്‌ക്കെതിരെ തോറ്റെങ്കിലും മറ്റൊരു ചരിത്രനേട്ടം കുറിച്ച് എംഎസ് ധോണി

പൂനെ: ഐപിഎല്ലില്‍ ഏറ്റവുമധികം ആരാധകരുള്ള ടീമുകളില്‍ ഒന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഏറ്റവുമധികം ആരാധകരുള്ള നായകന്‍ ആരെന്ന് ചോദിച്ചാല്‍ അത് എംഎസ് ധോണി എന്നും പറയേണ്ടി വരും. ഐപിഎല്ലിന്റെ ആവേശമാണ് ക്യാപ്റ്റന്‍ കൂള്‍ എംഎസ്ഡി. പതിനൊന്നാം ഐപിഎല്ലിലെ മുംബൈയ്‌ക്കെതിരായ ഹോം മത്സരത്തില്‍ ടീം തോറ്റെങ്കിലും എംഎസ്ഡി ഒരു ചരിത്ര നേട്ടം സ്വന്തമാക്കി.

ഐപിഎല്ലില്‍ ഒരു ടീമിനെ ഏറ്റവുമധികം മത്സരങ്ങളില്‍ നയിച്ച നായകനെന്ന റെക്കോര്‍ഡാണ് ധോണി സ്വന്തമാക്കിയത്. മുംബൈയ്‌ക്കെതിരായ മത്സരത്തിലൂടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 150 മത്സരങ്ങളില്‍ നയിക്കുന്ന നായകനായി ധോണി മാറി. ചെന്നൈയെ അവരുടെ എട്ട് സീസണുകളിലും നയിച്ചത് ധോണിയാണ്. ഇടയ്ക്ക് ചെന്നൈയ്ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചപ്പോള്‍ പകരം വന്നെ റൈസിംഗ് പൂനെ സൂപ്പര്‍ ജെയന്റ്‌സിനെയും ധോണി നയിച്ചു.

മുംബൈയ്‌ക്കെതിരായ ഹോം മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയാണ് ധോണിക്കും കൂട്ടര്‍ക്കും നേരിടേണ്ടി വന്നത്. ചെന്നൈ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം മുംബൈ രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. 47 പന്തില്‍ 75 റണ്‍സ് അടിച്ചെടുത്ത റെയ്‌നയാണ് ചെന്നൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അമ്പാട്ടി റായിഡു (35 പന്തില്‍ 46) മികച്ച പിന്തുണ നല്‍കി.

എന്നാല്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ഫോമിലേക്ക് ഉയര്‍ന്നപ്പോള്‍ മുംബൈ വിജയലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു. 33 പന്തില്‍ 56 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെ മുന്നില്‍ നിന്ന് നയിച്ചു. ഓപ്പണര്‍ സൂര്യകുമാര്‍ യാദവ് (34 പന്തില്‍ 44), എവിന്‍ ലൂയിസ് (43 പന്തില്‍ 47) എന്നിവരും ഫോമിലേക്കുയര്‍ന്നു. ഏഴ് മത്സരങ്ങളില്‍ രണ്ടാമത്തെ മാത്രം വിജയമാണ് മുംബൈയുടെത്. എന്നാല്‍ ഇത്രയും മത്സരങ്ങളില്‍ അഞ്ച് വിജയമാണ് ചെന്നൈയുടെ സമ്പാദ്യം.

നേരത്തെ മുംബൈയില്‍ നടന്ന മത്സരത്തില്‍ ചെന്നൈ മുംബൈയെ ഒരുവിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. മുംബൈ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കെ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലായിരുന്നു ചെന്നൈ മറികടന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top