റെയില്‍വേ പ്ലാറ്റ്‌ഫോമിലുറങ്ങി, പഠിക്കാന്‍ തടിമില്ലില്‍ ജോലിക്ക് പോയി, ഒടുവില്‍ ഐഎഎസ് പട്ടവും; ഇത് ശിവഗുരു പ്രഭാകരന്റെ വിജയ കഥ

ശിവഗുരു  പ്രഭാകരന്‍

ചെന്നെെ: ‘എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാള്‍ പൂര്‍ണമനസ്സോടെ ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സഫലമാക്കാനായി ലോകം മുഴുവന്‍ അവന്റെ സഹായത്തിനൊത്തും’, ലോക പ്രശസ്ത നോവലിസ്റ്റ് പൗലോ കൊയ്‌ലോയുടെ പ്രസിദ്ധമായ ആല്‍ക്കെമിസ്റ്റ് എന്ന നോവലിലെ വാക്കുകളാണിത്. ചിലപ്പോള്‍ ഈ വാക്കുകള്‍ അര്‍ത്ഥവത്താണെന്ന് തോന്നിപ്പോകും ശിവഗുരു പ്രഭാകരനെന്ന ഇക്കൊല്ലത്തെ സിവില്‍ സര്‍വീസ് വിജയിയുടെ കഥ കേട്ടാല്‍.

തഞ്ചാവൂരിലെ പട്ടുക്കോട്ടൈ സ്വദേശിയായ പ്രഭാകരന്‍ അഖിലേന്ത്യാ തലത്തില്‍ 101ാം റാങ്ക് നേടി സിവില്‍ സര്‍വീസ് എന്ന വിജയം കീഴടക്കിയത് ദാരിദ്ര്യത്തോട് പടവെട്ടിയാണ്. ജീവിതത്തില്‍ സാഹചര്യങ്ങള്‍ കൊണ്ട് ഒരിക്കല്‍ ഉപേക്ഷിക്കേണ്ടിവന്ന പഠനം പോരാട്ടത്തിലൂടെ നേടിയെടുത്ത കഥയാണ് ഈ യുവാവിന് പറയാനുള്ളത്. മദ്യപാനിയായ പിതാവ് കുടുംബത്തെ ഉപേക്ഷിച്ചപ്പോള്‍ പ്രഭാകരന്‍ തൊണ്ട് തല്ലി ഉപജീവനം കണ്ടെത്തിയ അമ്മയെ സഹായിക്കാന്‍ പന്ത്രണ്ടാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചു.

പിന്നീട് തടിയുറപ്പ് മില്ലിലെ സഹായിയായും കര്‍ഷക തൊഴിലാളിയായും മൊബൈല്‍ കടയിലെ സെയില്‍സ് മാനായും പണിയെടുത്തു.  ഇതിനിടെ അനുജനെ എഞ്ചിനീയറിംഗിന് പഠിക്കാനയച്ചു. സഹോദരിയെ വിവാഹം കഴിച്ചയച്ചു. ഇതിന് ശേഷമാണ് പാതിവഴിയില്‍ മുടങ്ങിയ പഠനം തുടങ്ങിയാലോ എന്ന് പ്രഭാകരന്‍ ചിന്തിക്കുന്നത്. പിന്നീട് വെല്ലൂരിലെ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളെജില്‍നിന്ന് ബിടെക് നേടിയ ശേഷം മദ്രാസ് ഐഐടിയില്‍നിന്ന് ഉയര്‍ന്ന റാങ്കോടെ എംടെകും പാസായി.

മൊബൈല്‍ ഷോപ്പിലെ സെയില്‍സ് മാനായി ജോലി നോക്കുന്നതിനിടെയായിരുന്നു ഐഐടി എന്‍ട്രന്‍സിനുള്ള പണം കണ്ടെത്തിയിരുന്നത്. ഇക്കാലമത്രയും രാത്രികാലങ്ങളിലെ ഉറക്കം സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമിലായിരുന്നു. ഐഐടി പഠനത്തിനിടെ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പരിശീലനവും തുടങ്ങിയിരുന്നു. മൂന്ന് തവണ ശ്രമിച്ചെങ്കിലും നാലാം തവണയാണ് പ്രഭാകരന് വിജയം സ്വന്തമാക്കാനായത്.

തന്നില്‍ സിവില്‍ സര്‍വീസ് എന്ന മോഹം ജനിപ്പിച്ചത് തമിഴ്‌നാട് സര്‍ക്കാരിലെ ആരോഗ്യ വകുപ്പ് സെക്രട്ടറിയായിരുന്ന ജെ രാധാകൃഷ്ണനാണെന്ന് പ്രഭാകരന്‍ പറയുന്നു. സ്വന്തം കഴിവുകൊണ്ടും അധ്വാനം കൊണ്ടും പ്രഭാകരന്‍ നേടിയെടുത്ത വിജയം തമിഴ്‌നാട്ടില്‍ വലിയ ആഘോഷമായിട്ടുണ്ട്. നിസാര പ്രശ്‌നങ്ങള്‍ക്ക് മുന്നിലും പലപ്പോഴും അടിപതറിപോകുന്ന ഇന്നത്തെ തലമുറയ്ക്ക് മുന്നില്‍ പ്രഭാകരനെ പോലുള്ളവര്‍ വലിയ പാഠപുസ്തകമാവുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top