‘ടീമില്‍ ഇടംനേടാന്‍ പ്രായം കുറച്ചുകാണിച്ചു’; ഷമിയെ വിടാതെ പിന്തുടര്‍ന്ന് ഹസിന്‍ ജഹാന്‍

ഹസിന്‍ ജഹാന്‍, മുഹമ്മദ് ഷമി

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയെ വിടാതെ പിന്തുടര്‍ന്ന് ഭാര്യ ഹസിന്‍ ജഹാന്‍. ലൈംഗികാരോപണങ്ങള്‍ക്കും, ഒത്തുകളി വിവാദത്തിനും ശേഷം ഷമിക്കെതിരെ മറ്റൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജഹാന്‍. ടീമില്‍ ഇടംനേടാന്‍ താരം വ്യാജ ജനന സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിയെന്നാണ് ജഹാന്റെ വെളിപ്പെടുത്തല്‍.

അണ്ടര്‍ 22 ടീമില്‍ കയറാന്‍ യഥാര്‍ത്ഥ വയസ്സ് മറച്ചുവെച്ച് വ്യാജ ജനന സര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കി ബിസിസിഐയെ കബളിപ്പിക്കുകയായിരുന്നു ഷമിയെന്ന്, ഹസിന്‍ പറയുന്നു. ഷമിയുടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ ചിത്രമടക്കമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഹസിന്‍ രംഗത്തെത്തിയത്. പോസ്റ്റ് പിന്നീട് ഹസിന്‍ പിന്‍വലിച്ചു.

നിലവിലെ രേഖകള്‍ പ്രകാരം 1990 ലാണ് ഷമി ജനിച്ചത്. എന്നാല്‍ ഹസിന്‍ പങ്കുവെച്ച ചിത്രത്തില്‍ 1982 ലാണ് ഷമിയുടെ ജനന തീയതി. ബിസിസിഐഎയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനെയും ഷമി വിഡ്ഡികളാക്കുകയായിരുന്നുവെന്നും പോസ്റ്റില്‍ ഹസിന്‍ പറഞ്ഞു. അതേസമയം ഹസിന്റെ ആരോപണങ്ങളോട് ഷമിയോ, ബിസിസിഐയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കത്വ സംഭവത്തിന് സമാനമായ അനുഭവമാണ് തനിക്കും നേരിട്ടതെന്ന് ഹസിന്‍ ആരോപിച്ചത്. തന്നെയും ബലാത്സംഗം ചെയ്തതിന് ശേഷം കൊല്ലാനായിരുന്നു ഷമിയുടേയും കുടുംബത്തിന്റേയും പദ്ധതിയെന്നും ഹസിന്‍ പറഞ്ഞു. നേരത്തെ ഷമിക്കെതിരെ ലൈംഗികാരോപണങ്ങളും, ഗാര്‍ഹിക പീഡനവും ഒത്തുകളി വിവാദവുമുള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഹസിന്‍ ഉന്നയിച്ചത്.

മറ്റ് സ്ത്രീകളുമായി വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ എന്നിവ വഴി നടത്തിയ സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഹസിന്‍, ഷമിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഹസിന്റെ പരാതിയില്‍ കൊല്‍ക്കത്ത പൊലീസ് താരത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയും ചെയ്തിരുന്നു.

DONT MISS
Top