സംഘപരിവാര്‍ പരിപാടിയില്‍ അധ്യക്ഷനായത് കോണ്‍ഗ്രസിന്റെ ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ്; വേദി പങ്കിട്ടത് തീവ്രഹിന്ദു നിലപാടുള്ള വിഎച്ച്പി നേതാവ് സ്വാധി ബാലിക സരസ്വതി ഉള്‍പ്പടെയുളളവര്‍ക്കൊപ്പം


കാസര്‍ഗോഡ്: ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ വിഎന്‍ കൃഷ്ണ ഭട്ട് വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ പങ്കെടുത്തത് വിവാദമാകുന്നു. ആര്‍എസ്എസ് നേതാവ് കല്ലടക്ക പ്രഭാകരഭട്ട് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ അധ്യക്ഷനായാണ് കൃഷ്ണ ഭട്ട് പങ്കെടുത്തത്. പരിപാടിയില്‍ സംബന്ധിക്കാന്‍ അനുമതി നല്‍കിയ ബദിയെടുക്ക മണ്ഡലം കോണ്‍സ്സ് കമ്മിറ്റി കെപിസിസി പിരിച്ചു വിട്ടിട്ടുണ്ട്.

ബദിയടുക്കയില്‍ നടന്ന ഹിന്ദു സമാജോത്സവത്തിലാണ് ഡിസിസി നിര്‍ദ്ദേശം മറികടന്ന് കൃഷ്ണ ഭട്ട് ആര്‍എസ്എസ്-വിഎച്ച്പി നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടത്. പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി ഹിന്ദു സമാജോത്സവത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും കൃഷ്ണ ഭട്ടിനെ പിന്തിരിപ്പിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം അവസാന നിമിഷം വരെ ശ്രമം നടത്തിയിരുന്നു. എന്നാല്‍ നേരത്തെ നിശ്ചയിച്ച പരിപാടിയില്‍ നിന്നും ഒഴിവാകാന്‍ സാധിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കൃഷ്ണ ഭട്ട്. പാര്‍ട്ടിക്ക് എന്തു നിലപാട് വേണമെങ്കിലും സ്വീകരിക്കാമെന്നും ഭട്ട് കെപിസിസിയെ അറിയിച്ചിരുന്നു.

പരിപാടിയില്‍ പങ്കെടുക്കുന്നതിന് കൃഷ്ണ ഭട്ടിനെ ബദിയടുക്ക മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി പരസ്യമായിതന്നെ അനുകൂലിക്കുന്നുണ്ട്. അതേസമയം 19 അംഗങ്ങളുള്ള ബദിയടുക്ക പഞ്ചായത്തില്‍ ഭട്ടിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത് യുഡിഎഫിന് അധികാരം നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കും. തീവ്ര ഹിന്ദു നിലപാടുള്ള വിഎച്ച്പി നേതാവ് സ്വാധി ബാലിക സരസ്വതി ഉള്‍പ്പടെയുളളവര്‍ക്കൊപ്പം ബ്ലോക്ക് വൈസ് പ്രസിഡന്റുകൂടിയായ കൃഷ്ണ ഭട്ട് പങ്കെടുത്തതില്‍ മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളെയും പ്രകോപിപ്പിച്ചിട്ടുണ്ട്.

DONT MISS
Top