ക്രിക്കറ്റില്‍ മാത്രം പോര, പാകിസ്താനുമായി എല്ലാ മേഖലയിലും വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഗംഭീര്‍

ഗൗതം ഗംഭീര്‍

ദില്ലി: അതിര്‍ത്തിയില്‍ പാക് പ്രകോപനം വര്‍ധിക്കുന്നതിനിടെ അയല്‍രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ എല്ലാ മേഖലയിലും ബഹിഷ്‌കരണം ആവശ്യമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍. പാകിസ്താനുമായുള്ള ക്രിക്കറ്റ് പരമ്പരകള്‍ മാത്രം വിലക്കിയാല്‍ പോരെന്നും സംഗീതം, സിനിമ ഉള്‍പ്പെടെ സമസ്ത മേഖലകളിലും നിരോധനം ആവശ്യമാണെന്നും വാര്‍ത്താ ഏജന്‍സിക്കനുവദിച്ച അഭിമുഖത്തില്‍ ഗംഭീര്‍ വ്യക്തമാക്കി.

പാകിസ്താനുമായി ക്രിക്കറ്റ് മാത്രം ബഹിഷ്‌കരിച്ചതുകൊണ്ട് പ്രയോജനമില്ല. അഥവാ വിലക്ക് ഏര്‍പ്പെടുത്തുന്നുണ്ടെങ്കില്‍ സിനിമ, സംഗീതം ഉള്‍പ്പെടെ എല്ലാ മേഖലയിലും വേണം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതുവരെ പാകിസ്താനില്‍ നിന്നുള്ള ആരെയും ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കരുത്, ഗംഭീര്‍ പറഞ്ഞു.

നിയന്ത്രണ രേഖയില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ കാലങ്ങളിലായി പാകിസ്താനുമായുള്ള ചര്‍ച്ചകള്‍ക്ക് പലപ്പോഴും നമ്മള്‍ മുന്‍കൈ എടുത്തതാണ്. എന്നാല്‍ പ്രത്യേകിച്ച് പ്രയോജനം ഒന്നും ഉണ്ടായില്ല. എല്ലാ രാജ്യങ്ങള്‍ക്കും അവരുടേതായ ക്ഷമയും പ്രധാന്യവും ഉണ്ട്. ആദ്യം സംസാരിക്കുക അത് നടന്നില്ലെങ്കില്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുക. അതിനെ ഒരിക്കലും രാഷ്ട്രീയവത്കരിക്കേണ്ട കാര്യമില്ല, ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ഇതാദ്യമായല്ല ഗംഭീറില്‍ നിന്ന് ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടായിട്ടുള്ളത്. അതിര്‍ത്തിയില്‍ തീവ്രവാദം അവസാനിപ്പിക്കുന്നത് വരെ പാകിസ്താനുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കണമെന്ന് 2016 ലും താരം പറഞ്ഞിരുന്നു. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 25 സിആര്‍പിഎഫ് ജവാന്മാരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കുമെന്ന് താരം പ്രഖ്യാപിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു.

DONT MISS
Top