“ഡയാന ഹെയ്ഡനല്ല, ഐശ്വര്യയാണ് സുന്ദരി”, ലക്ഷ്മി ദേവിയുടെയും സരസ്വതി ദേവിയുടെയും പ്രതീകമാകണം ഇന്ത്യന്‍ സുന്ദരികള്‍ എന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്

അഗര്‍ത്തല: ഒന്നിനു പിറകെ ഒന്നായി വിവാദ പ്രസ്താവനകളുമായി രംഗത്തെത്തുകയാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. ഡയാന ഹെയ്ഡന്‍ അല്ല. ഐശ്വര്യ റായിയാണ് ഇന്ത്യന്‍ സൗന്ദര്യത്തിന്റെ പ്രതീകം എന്നതാണ് ദേബിന്റെ പുതിയ പ്രസ്താവന. അഗര്‍ത്തലയിലെ ഡിസൈന്‍ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ദേബിന്റെ പ്രസ്താവന.

ഐശ്വര്യത്തിന്റേയും അറിവിന്റേയും ദേവതമാരായ ലക്ഷ്മി ദേവിയുടെയും സരസ്വതി ദേവിയുടെയും പ്രതീകമാകണം ഇന്ത്യന്‍ സുന്ദരികള്‍. ഐശ്വര്യ റായിക്ക് ഈ രണ്ട് ദേവിമാരുടേയും സവിശേഷത ഉണ്ട്. എന്നാല്‍ ഹെയ്ഡന് അതില്ലെന്ന് ദേബ് പറഞ്ഞു.

സൗന്ദര്യ മത്സരത്തില്‍ ആര്‍ക്ക് വേണമെങ്കിലും മത്സരിച്ച് വിജയിക്കാം, ഹെയ്ഡന്റെ വിജയത്തേയും അത്തരത്തില്‍ കണ്ടാല്‍ മതി. അതല്ലാതെ ഒരിക്കലും ഹെയ്ഡന്‍ ഇന്ത്യന്‍ സൗന്ദര്യത്തിന്റെ പ്രതീകമല്ലെന്നും ദേബ് പറഞ്ഞു.

അന്താരാഷ്ട്ര കമ്പനികള്‍ സംഘടിപ്പിച്ച സൗന്ദര്യ മത്സരങ്ങളില്‍ ഇന്ത്യക്കാര്‍ ജേതാക്കളായതോടെയാണ് സ്ത്രീകള്‍ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇന്ത്യയിലെ പരമ്പരാഗത ഉത്പന്നങ്ങള്‍ക്കുമേല്‍ വിദേശ കമ്പനികള്‍ ആധിപത്യം നേടാന്‍ ശ്രമിച്ചതിന്റെ ഭാഗമായാണ് അഞ്ച് തവണ ഇന്ത്യക്ക് ലോക സുന്ദരി പട്ടം ലഭിച്ചതെന്നും ബിപ്ലബ് ദേബ് പറഞ്ഞു.

DONT MISS
Top