രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍; അട്ടിമറി സാധ്യത പരിശോധിക്കണമെന്ന് പരാതി

രാഹുല്‍ ഗാന്ധി

ബാംഗളുരൂ: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തിയ വിമാനത്തിന് അപ്രതീക്ഷിതമായി ഗുരുതര സാങ്കേതിക പ്രശ്‌നമുണ്ടായതിനെ കുറിച്ച് അന്വേഷിക്കക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് രാഹുലിനൊപ്പം വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനും കോണ്‍ഗ്രസ് നേതാവുമായ കൗശല്‍ വിദ്യാര്‍ത്ഥി കര്‍ണാടക ഡിജിപിക്ക് പരാതി നല്‍കി.

ഇന്നലെ രാവിലെയാണ് സംഭവം. ദില്ലിയില്‍ നിന്ന് രാവിലെ 9.20 ന് കര്‍ണാടകയിലെ ഹൂബ്ലിയിലേക്ക് രാഹുലുമായി വന്ന പ്രത്യേക വിമാനമാണ് ഗുരുതര സാങ്കേതിക തടസത്തില്‍പ്പെട്ടത്. രാഹുലും കൗശല്‍ വിദ്യാര്‍ത്ഥിയും അടക്കം നാല് യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഹൂബ്ലിയില്‍ ഇറങ്ങുന്നതിന് മുന്‍പ്, 10.45 നാണ് സാങ്കേതിക തടസമുണ്ടായത്. ഈ സാങ്കേതിക തകരാറിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. വിമാനത്തിന് അസാധാരണമായ കുലുക്കമുണ്ടാകുകയും വലിയ ശബ്ദത്തോടെ ഒരു വശത്തേക്ക് ചരിയുകയും ചെയ്യുകയായിരുന്നു. മൂന്നുവട്ടം ശ്രമം നടത്തിയശേഷമാണ് വിമാനത്തിന് സുരക്ഷിതമായി ഹൂബ്ലിയില്‍ ലാന്‍ഡ് ചെയ്യാനായതെന്നും പരാതിയില്‍ പറയുന്നു.

നല്ല വെളിച്ചവും കാറ്റിന്റെ ശല്യവുമില്ലാത്ത സാധാരണ കാലാവസ്ഥയാണുണ്ടായിരുന്നതെന്നും ഈ സാഹചര്യത്തില്‍ വിമാനത്തിന് ഉണ്ടായ തകരാറ് അട്ടിമറി സാധ്യത സംശയിപ്പിക്കുന്നതാണെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

അതേസമയം, വിമാനത്തിന്റെ പൈലറ്റിന്റെയും ജീവനക്കാരുടെയും മൊഴി ഇതിനകം രേഖപ്പെടുത്തിയതായും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായും സൂചനകളുണ്ട്.

DONT MISS
Top