ഇന്ധന വില: നികുതി കുറയ്ക്കണമെന്ന് കെഎം മാണി

കെഎം മാണി

കോട്ടയം: സര്‍വകാല റെക്കോര്‍ഡിലെത്തിയ ഇന്ധനവില കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി ആവശ്യപ്പെട്ടു.

കേന്ദ്രഎക്‌സൈസ് നികുതി കുറയ്ക്കുകയോ ആഭ്യന്തര വിപണിയില്‍ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുകയോ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന തലത്തില്‍ പ്രാദേശിക വില്‍പന നികുതി കുറയ്ക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയാറാകണം. താന്‍ ധനമന്ത്രിയായിരിക്കെ പലവട്ടം അധിക നികുതി വരുമാനംവേണ്ടെന്ന് വച്ച് ജനങ്ങള്‍ക്കുണ്ടായ അധികഭാരം ലഘൂകരിക്കാന്‍ ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു.

ഡീസല്‍ ഉപയോഗിക്കുന്ന മത്സ്യബന്ധന തൊഴിലാളികളുടെ അവസ്ഥ തീര്‍ത്തും പരുങ്ങലിലാണ്. ഇന്ധന വിലവര്‍ധന സാധാരണക്കാര്‍ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസിയെയും പ്രതിസന്ധിയിലാക്കിയതായി മാണി പറഞ്ഞു.

ഒരു മാസത്തിനിടയില്‍ ഡീസല്‍ വില മൂന്നര രൂപയിലേറെ വര്‍ധിച്ചു. പെട്രോള്‍ വില രണ്ടര രൂപയും ഉയര്‍ന്നു. ചരക്കുനീക്കത്തിനുള്ള ചെലവ് വര്‍ധിക്കുന്നതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമെന്നും അദ്ദേഹം പറഞ്ഞു.

DONT MISS
Top