എബിഡിയുടെ അടിക്ക് എംഎസ്ഡിയുടെ തിരിച്ചടി; സിക്‌സര്‍ പെരുമഴ കണ്ട് ബംഗളുരു-ചെന്നൈ പോരാട്ടം, പിറന്നത് റെക്കോര്‍ഡ്

ബംഗളുരു: സിക്‌സറുകളുടെ പെരുമഴ കണ്ട മത്സരത്തില്‍ ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം. കോഹ്‌ലിയുടെ ബംഗളുരു ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം ധോണിയുടെ ചെന്നൈ രണ്ട് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു. ബംഗളുരുവിന് വേണ്ടി എബിഡി പൂരക്കെട്ട് നടത്തിയപ്പോള്‍ ചെന്നൈയ്ക്കായി റായിഡുവും എംഎസ്ഡിയും മറുപൂരം തീര്‍ത്തു.

മത്സരത്തിലാകെ 33 സിക്‌സറുകളാണ് പിറന്നത്. ബംഗളുരു 16 സിക്‌സറുകള്‍ അടിച്ചപ്പോള്‍ ചെന്നൈ പറത്തിയത് 17 സിക്‌സറുകള്‍. ഈ വര്‍ഷം തന്നെ ചെന്നൈ-കൊല്‍ക്കത്ത മത്സരത്തിലും 2017 ല്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്-ഗുജറാത്ത് ലയണ്‍സ് മത്സരത്തിലും പിറന്ന 31 സിക്‌സറുകളുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി.

ബംഗളുരുവിന്റെ 16 സിക്‌സറുകളില്‍ എട്ടെണ്ണവും എബി ഡിവില്ലിയേഴ്‌സിന്റെ ബാറ്റില്‍ നിന്നായിരുന്നു. ഓപ്പണര്‍ ഡി കോക്ക് നാലും, മന്‍ദീപ് സിംഗ് മൂന്നും വാഷിംഗ്ടണ്‍ സുന്ദര്‍ ഒന്നും വീതം സിക്‌സറുകള്‍ നേടി. ചെന്നൈ നിരയില്‍ എട്ട് സിക്‌സറുകളുമായി അമ്പാട്ടി റായിഡു മുന്നില്‍ നിന്ന് നയിച്ചു. ക്യാപ്റ്റന്‍ ധോണി ഏഴ് തവണ പന്ത് ഗ്യാലറിയിലെത്തിച്ചപ്പോള്‍ ബ്രാവോയും വാട്ട്‌സണും ഓരോ തവണ പന്ത് നിലംതൊടതെ പറപ്പിച്ചു.

ഡിവില്ലിയേഴ്‌സ് 30 പന്തില്‍ 68 ഉം ഡി കോക്ക് 37 പന്തില്‍ 53 ഉം റണ്‍സെടുത്തപ്പോള്‍ ബംഗളുരു 20 ഓവറില്‍ അടിച്ചുകൂട്ടിയത് എട്ട് വിക്കറ്റിന് 205 റണ്‍സ്. ഒരു ഘട്ടത്തില്‍ നാലിന് 74 എന്ന നിലയില്‍ തകര്‍ന്ന് പരാജയത്തിലേക്ക് നീങ്ങുകയാണന്ന് തോന്നിപ്പിച്ചെങ്കിലും അഞ്ചാം വിക്കറ്റില്‍ ധോണിയും റായിഡുവും നടത്തിയ വെടിക്കെട്ട് അവിശ്വസനീയ വിജയമാണ് ചെന്നൈയ്ക്ക് നല്‍കിയത്. റായിഡു 53 പന്തില്‍ 82 റണ്‍സെടുത്തപ്പോള്‍ ധോണി 34 പന്തില്‍ 70 റണ്‍സുമായി പുറത്താകാതെ നിന്നു.

അവസാന ഓവറില്‍ ജയിക്കാന്‍ പതിനാറ് റണ്‍സായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. കോറി ആന്‍ഡേഴ്‌സണ്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് ഫോറും രണ്ടാം പന്ത് സിക്‌സും പറത്തിയ ബ്രാവോ അടുത്ത പന്തില്‍ സിംഗിള്‍ എടത്ത് സ്‌ട്രൈക്ക് ധോണിക്ക് കൈമാറി. നാലാം പന്ത് ഗ്യാലറിയിലെത്തിച്ച് തന്റെ ഫിനിഷിംഗ് പാടവത്തിന് മങ്ങലേറ്റിട്ടില്ലെന്ന് ക്യാപ്റ്റന്‍ കൂള്‍ വീണ്ടും തെളിയിച്ചു.

DONT MISS
Top