ഇമ്രാന്‍ ഖാന്റെ മൂന്നാം വിവാഹവും ത്രിശങ്കുവില്‍ ?

ഇമ്രാനും ബുഷ്രയുടെയും വിവാഹവേള

ഇസ്‌ലാമാബാദ്: മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാന്‍റെ മൂന്നാം വിവാഹവും കുഴപ്പത്തിലായെന്നാണ് വാര്‍ത്തകള്‍. പാക് മാധ്യമങ്ങളാണ് ഈ സൂചനകള്‍ നല്‍കുന്നത്.

ഇമ്രാന്റെ ആത്മീയ വഴികാട്ടി കൂടിയായ ഭാര്യ ബുഷ്ര മനേക ഇസ്‌ലാമാബാദിലെ കൊട്ടാര സമാനമായ വീട് വിട്ടു സ്വന്തം വീട്ടിലേക്കു പോയിട്ട് ഒരു മാസമായത്രേ. ഇങ്ങനെ ഭര്‍ത്താവിനെ ഉപേക്ഷിച്ചു പോകാനുള്ള കാരണമാണ് വിചിത്രം. പുതു പെണ്ണ് വീട്ടില്‍ വന്നു കയറിയപ്പോള്‍ തന്നെ ഇമ്രാന്റെ വളര്‍ത്തു പട്ടികളെ പുറത്താക്കിയിരുന്നു. കാരണം കടുത്ത മത വിശ്വാസിയായ ബുഷ്രയ്ക്ക് പട്ടികളെ കണ്ടു കൂടാ. പട്ടികള്‍ വീട്ടില്‍ അങ്ങിങ്ങു നടക്കുന്നത് തന്റെ മത നിഷ്ഠയ്ക്ക് തടസ്സമാവുന്നു എന്നതായിരുന്നു കാരണം. പക്ഷെ കല്യാണത്തിന്റെ പുതുമോടി
മാറിയപ്പോള്‍ ഇമ്രാന്‍ തന്റെ പട്ടികളെ വീട്ടില്‍ തിരികെ കൊണ്ടുവന്നു. ഇതാണ് ബുഷ്രരായ ചൊടിപ്പിച്ചത്.

എന്നാല്‍ ഡെയ്‌ലി പാകിസ്താന്‍ പത്രത്തിലെ റിപ്പോര്‍ട്ട് പ്രകാരം കാരണം മറ്റൊന്നാണ്. ബുഷ്രയുടെ ആദ്യ വിവാഹത്തിലെ മകന്‍ ഇമ്രാന്റെ വീട്ടില്‍ സ്ഥിര താമസമാക്കിയത് ഇമ്രാന് സഹിക്കാന്‍ ആവുന്നില്ലത്രേ. വിവാഹത്തിന് മുമ്പ് തന്നെ ഇമ്രാന്‍ ആവശ്യപ്പെട്ടതാണ് ബുഷ്രയുടെ വീട്ടില്‍ നിന്ന് ആരും ഇവിടെ വന്നു പൊറുതി കൂടരുതെന്ന്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പാകിസ്താന്‍ തെഹരീക്കി ഇന്‍സാഫ് ചെയര്‍മാന്‍ കൂടിയായ ഇമ്രാന്‍ഖാന്‍ ബുഷ്ര മനേകയെ വിവാഹം ചെയ്തത്.

ഓള്‍റൗണ്ട് മികവിലൂടെ 1992 ല്‍ പാകിസ്താന് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത തിളക്കത്തില്‍ നില്‍ക്കുമ്പോള്‍ 1995 – ലായിരുന്നു ഇമ്രാന്‍ ഖാന്റെ ആദ്യവിവാഹം. ബ്രിട്ടീഷുകാരിയും പത്രപ്രവര്‍ത്തകയുമായ ജെമിമ ഗോള്‍ഡ്‌സ്മിത്തായിരുന്നു വധു. 2004 ല്‍ ഇരുവരും പിരിഞ്ഞു. ഈ ബന്ധത്തില്‍ രണ്ട് ആണ്‍ മക്കളാണ് ഇമ്രാനുള്ളത്. 2015 ല്‍ റെഹം ഖാനെ ഇമ്രാന്‍ ഖാന്‍ വിവാഹം ചെയ്തു. ഇവരും പത്രപ്രവര്‍ത്തകയായിരുന്നു. ഈ ബന്ധം ഒരു വര്‍ഷം പോലും നീണ്ടുനിന്നില്ല. 2015 ല്‍ തന്നെ ഇരുവരും പിരിഞ്ഞു. പിന്നീടാണ് ഈ വര്‍ഷം ഫെബ്രുവരിയില്‍ ബുഷ്ര മനേകയെ വിവാഹം ചെയ്തത്. രണ്ട് മാസം കൊണ്ട് തന്നെ ഈ ബന്ധവും ഇമ്രാന്‍ ഖാന്‍ ഉപേക്ഷിക്കുകയാണെന്നാണ് പാക് മാധ്യമങ്ങള്‍ പറയുന്നത്.

DONT MISS
Top