ഗംഭീര്‍ ഡെല്‍ഹിയുടെ നായകസ്ഥാനം ഒഴിഞ്ഞു, ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റന്‍

ദില്ലി: ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് നായകസ്ഥാനം ഗൗതം ഗംഭീര്‍ രാജിവച്ചു. പകരം മലയാളിയായ മധ്യനിരതാരം ശ്രേയസ് അയ്യരെ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു. പതിനൊന്നാം ഐപിഎല്‍ സീസണിന്റെ തുടക്കത്തില്‍ ടീം നടത്തുന്ന മോശം പ്രകടനത്തെ തുടര്‍ന്നാണ് ഗംഭീര്‍ നായകസ്ഥാനം ഒഴിഞ്ഞിരിക്കുന്നത്.

ടീമിന്റെ പ്രകടനത്തില്‍ താന്‍ തീര്‍ത്തും നിരാശനാണെന്നും അതിനാലാണ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതെന്നും ഗംഭീര്‍ പറഞ്ഞു. എനിക്ക് സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ല. അതിന് കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് നായകസ്ഥാനത്ത് തുടരാനാകില്ല. പത്രസമ്മേളനത്തില്‍ ഗംഭീര്‍ വ്യക്തമാക്കി.

ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ ടീം മാനേജ്‌മെന്റോ പരിശീലകനോ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത് തന്റെ വ്യക്തിപരമായ തീരുമാനം ആണെന്നും ഗംഭീര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കിയതോടെയാണ് ഗംഭീറിനെ ഡെല്‍ഹി സ്വന്തമാക്കിയത്.

ശ്രേയസ് അയ്യര്‍

അതേസമയം, അപ്രതീക്ഷിതമായി കിട്ടിയ നായകപദവിയില്‍ ആഹ്ലാദഭരിതനായിരിക്കുകയാണ് അയ്യര്‍. ടീമിന്റെ ക്യാപ്റ്റനായി തന്നെ തെരഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്ന് ശ്രേയസ് അയ്യര്‍ പറഞ്ഞു. ഇതില്‍ ടീം മാനേജ്‌മെന്റിനോടും പരിശീലകനോടും നന്ദി പറയുന്നു. എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണിത്. അയ്യര്‍ പറഞ്ഞു.

ഐപിഎല്ലില്‍ ഇതുവരെ ആറുമത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡെല്‍ഹിക്ക് ഒരു മത്സരത്തില്‍ മാത്രമാണ് ജയിക്കാനായത്. രണ്ട് പോയിന്റോടെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഡെല്‍ഹി.

DONT MISS
Top